കൊല്ലം: കേരളത്തിൽ സർവ്വീസ് നടത്തുന്ന എല്ലാ എക്്സ്പ്രസ് ട്രെയിനുകളുടെയും വേഗത വർദ്ധിപ്പിക്കും. 130 മുതൽ 160 കിലോമീറ്റർ വേഗതയായിരിക്കും വർദ്ധിപ്പിക്കുന്നത്. തീരുമാനം റെയിൽവേ സ്വീകരിച്ചിട്ടുണ്ടെന്ന് റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് പറഞ്ഞു. വേഗത കൂട്ടുന്നത് സംബന്ധിച്ച് ലിഡാസ് എന്ന പേരിൽ പുതിയ സർവെ ഈ മാസം ആരംഭിക്കും.
തിരുവനന്തപുരം മുതൽ കാസർകോഡ് വരെയാണ് ലിഡാസ് സർവെ നടത്തുക. ഹെലികോപ്റ്റർ മർഗ്ഗം ആയിരിക്കും സർവ്വേ നടത്തുക. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ റെയിൽ പാതയിലുള്ള അതിവേഗ തീവണ്ടികൾ ഓടിക്കാൻ തടസമായി നിൽക്കുന്ന വളവുകൾ പരിഹരിക്കുന്നതിന് അധിക ഭൂമി ഏറ്റെടുക്കും. ഇതിന് സമാന്തരമായി സിഗ്‌നൽ സിസ്റ്റവും മോഡനൈസ് ചെയ്യും. ഇവ പൂർത്തിയായി കഴിഞ്ഞാൽ എക്‌സപ്രസ് ടെയിനുകളുടെയും വേഗത വർദ്ധിപ്പിക്കുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
കൊല്ലം റയിൽവെ സ്റ്റേഷനിൽ നടക്കുന്ന 361 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തി. 2024ൽ കൊല്ലം സ്റ്റേഷന്റെ ആദ്യഘട്ടം പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച അദ്ദേഹം യാത്രക്കാരോടും അഭിപ്രായങ്ങൾ ചോദിച്ചു മനസ്സിലാക്കി. കൂടാതെ ആലപ്പുഴ റെയിൽവേസ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുമെന്ന് കൃഷ്ണദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പത്തു മുതൽ 12 കോടിവരെ രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുക. അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെ യാത്രക്കാർക്കുവേണ്ട സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments