എറണാകുളം: ദേവികുളം മണ്ഡലത്തിൽ നിന്ന് വിജയിച്ച എൽഡിഎഫിലെ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി കുമാറിന്റെ ഹർജിയിന്മേലാണ് ഹൈക്കോടതിയുടെ നിർണായക വിധി. സംവരണ സീറ്റിൽ മത്സരിക്കാൻ എ രാജയ്‌ക്ക് യോഗ്യതയില്ലെന്നാണ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.
പട്ടികജാതി സംവരണ മണ്ഡലമെന്ന നിലയിലായിരുന്നു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നടന്നത്. പക്ഷേ എ രാജയുടെ ജാതി സർട്ടിഫിക്കറ്റ് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. ക്രൈസ്തവ സഭാംഗമായ ആന്റണിയുടെ മകനാണ് രാജയെന്നും രാജയുടെ ഭാര്യയും മക്കളും ക്രൈസ്തവ മത വിശ്വാസം തുടരുന്നവരാണെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. മാതാപിതാക്കളുടെയടക്കം സംസ്‌കാരം നടത്തിയത് പള്ളിയിലെ സെമിത്തേരിയിലാണ്. ഇതെല്ലാം മറിച്ചുവെച്ച് വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്ഥാനാർത്ഥിത്വം നേടിയത് എന്നുള്ളതായിരുന്നു എ.രാജയ്‌ക്കെതിരായ പരാതി.
കഴിഞ്ഞ കുറേ കാലമായി ഇത് സംബന്ധിച്ച് വാദങ്ങൾ നടക്കുന്നുണ്ട്. പട്ടികജാതി -പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആളല്ലാ രാജയെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. പരിവർത്തന ക്രൈസ്തവ വിഭാഗത്തിലെ അംഗമാണ് രാജയെന്നാണ് അയോഗ്യതയായി പറയുന്നത്. സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്‌ക്ക് യോഗ്യത ഇല്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Comments