മലപ്പുറം: വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് പള്ളി മാതൃകയിൽ അടിച്ച പച്ച പെയിന്റ് മാറ്റിയടിച്ചു.മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണ് സംഭവം. സിപിഎം പ്രവർത്തകർ അംഗങ്ങളായിട്ടുള്ള ക്ഷേത്ര കമ്മിറ്റിയാണ് ക്ഷേത്രത്തിന്റെ ഓഫീസ് കെട്ടിടം പച്ച പെയിന്റ് അടിച്ച് വികൃതമാക്കിയത്.
സംഭവത്തിന് പിന്നാലെ ഭക്തരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളിൽ അതീവ പ്രാധാന്യമുള്ള ക്ഷേത്രമാണ് തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രം. ക്ഷേത്രത്തിലെ പ്രശസ്തമായ പൂരം മാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ നടക്കാനിരിക്കെയാണ് കമ്മിറ്റിയുടെ പുതിയ പരിഷ്‌കാരം. പൂരത്തോടനുബന്ധിച്ച് രൂപീകരിച്ച കമ്മിറ്റിയും വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. അബ്ദുസമദ് സമദാനി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷഹർബാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഈദ, മഞ്ഞളാംകുഴി അലി എംഎൽഎ എന്നിവരടങ്ങുന്നതാണ് പൂരം സംഘാടക സമിതി.
ജനം ടിവിയാണ് വാർത്ത ആദ്യം പുറത്തുവിട്ടത്. പിന്നാലെ പ്രതിഷേധവുമായി വിവിധ ഹിന്ദു സംഘടന നേതാക്കൾ രംഗത്ത് വന്നിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് പച്ച നിറം മാറ്റി ഓഫീസിന് മറ്റൊരു നിറം നൽകാൻ തീരുമാനിച്ചത്.
നേരത്തെയും തിരുമാന്ധാംകുന്ന് ക്ഷേത്ര കമ്മിറ്റി വിവാദങ്ങളിൽ സൃഷ്ടിച്ചിട്ടുണ്ട്. പൂരത്തിനിടെ കേക്ക് മുറിച്ച് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ പിറന്നാൾ ആഘോഷിച്ചത് വലിയ വിവാദമായിരുന്നു.
Comments