തൃശൂർ: മികച്ച ഡോക്യുമെന്ററി-ഹ്രസ്വചിത്രത്തിനുള്ള ഓസ്‌കർ പുരസ്‌കാരം നേടിയ എലിഫന്റ് വിസ്പറേഴ്‌സിലെ താരദമ്പതികൾ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. കഴിഞ്ഞ ദിവസമാണ് ബൊമ്മനും ബെള്ളിയും ഗുരുപവനപുരിയിലെത്തിയത്. എല്ലാവർഷവും ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കാറുണ്ട്. ശ്രീകൃഷ്ണനാണ് തങ്ങളുടെ ഇഷ്ടദൈവം. ഓസ്‌കറിലൂടെ ആഗോള അംഗീകാരം ലഭിച്ചതിലൂടെ തങ്ങൾക്ക് കൈവന്ന അപൂർവ്വനേട്ടത്തിന് ഗുരുവായൂരപ്പനോട് നന്ദിപറയാനാണ് എത്തിയതെന്നും ഇരുവരും പറഞ്ഞു. കൊച്ചുമകൻ സഞ്ജുകുമാറും ഇവർക്കൊപ്പമുണ്ടായിരുന്നു. ഗുരുവായൂരിലെ ദർശനത്തിന് ശേഷം കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലും ദർശനം നടത്തി.
ഓസ്‌കർ പുരസ്‌കാരം ലഭിച്ചപ്പോൾ വലിയ സന്തോഷമായി. അതിന് ഗുരുവായൂരപ്പനോട് നന്ദി പറയണമെന്ന് തോന്നി. ഈ അംഗീകാരം ഗുരുവായൂരപ്പന്റെ ദാനമാണ്. അതിന് ഞങ്ങൾ ഭഗവാനോട് കടപ്പെട്ടിരിക്കുന്നുവെന്ന് ബൊമ്മൻ പറഞ്ഞു. ഇരുവർക്കും ദേവസ്വം സ്വീകരണം നൽകി. അഡ്മിനിസ്‌ട്രേറ്റർ കെ.പി വിനയൻ താരദമ്പതികളെ അഭിനന്ദിക്കുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർമാരായ എ.കെ. രാധാകൃഷ്ണൻ, കെ.എസ്. മായാദേവി, ദേവസ്വം ജീവനക്കാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ‘എലിഫന്റ് വിസ്പറേഴ്സ്’ 2022 ഡിസംബറിൽ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ആദ്യമായി റിലീസ് ചെയ്തത്. മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ ഡോക്യുമെന്ററി ചിത്രത്തിൽ പറയുന്നത്. തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിൽപെട്ട ബൊമ്മൻ ബെള്ളി ദമ്പതികളുടെ ജീവിതമാണ് ഇതിലുള്ളത്. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികൾക്കായി ഇവർ ജീവിതം ഒഴിഞ്ഞുവെയ്‌ക്കുന്നു. രക്തബന്ധത്തേക്കാൾ വിലപ്പെട്ടതാണ് സ്‌നേഹബന്ധമെന്ന സന്ദേശമാണ് ചിത്രം വരച്ചു കാട്ടിയിരിക്കുന്നത്. 40 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. തമിഴ്‌നാട്ടിലെ മുതുമലൈ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.തമിഴിലും തെക്കേയിന്ത്യൻ ആദിവാസി ദ്രാവിഡ ഗോത്രഭാഷയായ ജെന്നു കുറുംമ്പയിലുമാണ് ചിത്രീകരിച്ചത്.

















Comments