തെലുങ്ക് സിനിമയിൽ കഴിഞ്ഞ വർഷം തരംഗം സൃഷ്ടിച്ച സൂപ്പർഹിറ്റുകളിലൊന്നാണ് അല്ലു അർജുൻ നായകനായ പുഷ്പ: ദ റൈസ്. ചിത്രത്തെക്കാളേറെ പ്രേക്ഷക സ്വീകാര്യത നേടിയത് സിനിമയിലെ ഗാനങ്ങളും നൃത്തച്ചുവടുകളുമായിരുന്നു. ചിത്രത്തിലെ സ്വാമി സ്വാമി എന്ന ഗാനവും നായിക രശ്മിക മന്ദാനയുടെ ചുവടുകളും സമൂഹമാദ്ധ്യമങ്ങളുൾപ്പടെ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ ചുവടുകൾ വൈറലായതിന് പിന്നാലെ താരം പങ്കെടുത്ത പല പൊതു വേദികളിലും രശ്മിക ഗാനത്തിനൊപ്പം വീണ്ടും നൃത്തം ചെയ്തിരുന്നു. എന്നാൽ ഈ നൃത്തച്ചുവടുകളുമായി ബന്ധപ്പെട്ട് പുതിയൊരു തീരുമാനം എടുത്തിരിക്കുകയാണ് താരം.
ഇനിയൊരു വേദിയിലും സ്വാമി സ്വാമിയുടെ ചുവടുകൾ വെയ്‌ക്കില്ല എന്ന തീരുമാനമാണ് താരം അറിയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കുന്ന റഷ് അവർ എന്ന ചോദ്യോത്തര വേളയിൽ ആരാധകന്റെ ചോദ്യത്തിന് ഉത്തരമായാണ് താരം തീരുമാനം അറിയിച്ചത്. തനിക്ക് രസ്മികയ്‌ക്കൊപ്പം സ്വാമി സ്വാമി എന്ന ഗാനത്തിന് നൃത്തച്ചുവടുകൾ വയ്‌ക്കണമെന്നതായിരുന്നു ആരാധകന്റെ ആവശ്യം. എന്നാൽ ആരാധകനെ നിരാശയിലാഴ്‌ത്തുന്ന തരത്തിലായിരുന്നു രശ്മികയുടെ മറുപടി.
‘ ഒരുപാട് തവണ സ്വാമി സ്വാമിയ്‌ക്ക് ചുവടു വച്ച് കഴിഞ്ഞു. കുറച്ചു കൂടി പ്രായമാവുമ്പോൾ പുറംവേദന വരുമെന്നാണ് തോന്നുന്നത്. എനിക്ക് വേണ്ടി നിങ്ങൾക്ക് ഈ ഗാനത്തിന് എന്തുകൊണ്ട് ചുവടുവച്ചുകൂടാ? ‘ എന്നാണ് രശ്മിക ആരാധകന് മറുപടി നൽകിയത്.
പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ : ദ റൂൾ ആണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിൽ ഫഹദ് ഫാസിലും സുപ്രധാന വേഷത്തിൽ അണിനിരക്കുന്നുണ്ട്. സിദ്ധാർത്ഥ് മൽഹോത്ര നായക വേഷത്തിൽ തകർത്താടിയ മിഷൻ മജ്‌നുവാണ് രശ്മികയുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം. രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന അനിമലിലും രശ്മികയാണ് നായികയായി എത്തുക.
Comments