തൃശൂർ: 17 വർഷത്തെ ജയിൽ വാസത്തിനിടയിൽ റിപ്പർ ജയാനന്ദൻ ആദ്യമായി പരോളിലിറങ്ങി. ഹൈക്കോടതി അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് പരോൾ അനുവദിച്ചിരിക്കുന്നത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ജയാനന്ദൻ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് പുറത്തിറങ്ങിയത്.
രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ വീട്ടിൽ തങ്ങാനാണ് ഇയാൾക്ക് അനുമതി നൽകിയിരിക്കുന്നത്. നാളെ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ച് നടക്കുന്ന മകളുടെ വിവാഹ ചടങ്ങിലും പോലീസ് അകമ്പടിയോടെ ജയാനന്ദന് പങ്കെടുക്കാം. മാള ഇരട്ടക്കൊല, പെരിഞ്ഞനം, പുത്തൻവേലിക്കര കൊലക്കേസുകൾ എന്നിങ്ങനെ 24 കേസുകളിലെ പ്രതിയാണ് ജയാനന്ദൻ.
അതീവ അപകടകാരിയായ തടവുകരനായാണ് ഇയാളെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇതുവരെ ജയാനന്ദന് പരോൾ അനുവദിച്ചിരുന്നില്ല. ജീവിതാവസാനം വരെ കഠിന തടവാണ് വിധിച്ചിരിക്കുന്ന ശിക്ഷ. അഭിഭാഷക കൂടിയായ മകളുടെ അപേക്ഷ പരിഗണിച്ചാണ് ഇയാൾക്ക് പരോൾ അനുവദിച്ചിരിക്കുന്നത്. കൂടാതെ മുഴുവൻ സമയവും പോലീസ് അകമ്പടിയോടെയാണ് പരോൾ അനുവദിച്ചിട്ടുള്ളത്.
















Comments