റെയിൽവേ ശുചിമുറിയിൽ പേരും ഫോൺനമ്പറും എഴുതിവെച്ച അസിസ്റ്റൻറ് പ്രൊഫസറെ കുടുക്കി തിരുവനന്തപുരം സ്വദേശിനി വീട്ടമ്മ

Published by
Janam Web Desk

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷന്റെ ശുചിമുറിയിൽ പേരും ഫോൺ നമ്പറും എഴുതിവെച്ച വ്യക്തിയെ സ്വയപ്രയത്‌നം കൊണ്ട് കണ്ടെത്തി വീട്ടമ്മ. തിരുവനന്തപുരം പാങ്ങാപ്പാറ സ്വദേശിനിയാണ് നീണ്ട അഞ്ചു വർഷത്തെ പോരാട്ടത്തിനൊടുവിൽ പ്രതിയെ കണ്ടെത്തിയത്. സംഭവത്തിൽ ഡിജിറ്റൽ സർവകലാശാല അസിസ്റ്റൻറ് പ്രൊഫസർ അജിത്കുമാറിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു.

2018 മേയ് നാലു മുതലാണ് വീട്ടമ്മയുടെ ഫോണിലേക്ക് അശ്ലീലച്ചുവയുള്ള കോളുകളും സന്ദേശങ്ങളും എത്തിയത്. ആദ്യമെത്തിയത് ഒരു തമിഴ് കലർന്ന സംസാരമായിരുന്നു. തുടർന്ന് മേയ് എട്ടിന് കൊല്ലത്തുനിന്നെത്തിയ ഒരു അപരിചിതന്റെ ഫോൺകോളിൽനിന്നാണ് ശുചിമുറിയിൽ നിന്നാണ് ഫോൺ നമ്പർ കിട്ടിയത് എന്ന സൂചന ലഭിച്ചത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ ശൗചാലയത്തിൽ നിന്നാണ് വീട്ടമ്മയുടെ പേരും ഫോൺ നമ്പറും കിട്ടിയത് എന്ന വിവരം ധരിപ്പിക്കാനാണ് വിളിച്ചതെന്നും അപരിചിതൻ പറഞ്ഞു.

തുടർന്ന് അയാൾ തന്നെ ചിത്രമെടുത്ത് തെളിവായി വീട്ടമ്മയ്‌ക്ക് വാട്ട്‌സാപ്പിൽ അയച്ചുകൊടുത്തു. ആ ചിത്രമായിരുന്നു പ്രതിയെ കണ്ടെത്തുന്നതിൽ യുവതിക്ക് വഴിത്തിരിവായത്. വീട്ടമ്മയുടെ നിർദ്ദേശ പ്രകാരം ഫോൺനമ്പർ അയാൾ മായ്ച്ചുകളഞ്ഞുവെന്നും അവർ പറയുന്നു. ചുവരിലെ കൈയക്ഷരം പരിചിതമായി തോന്നിയ വീട്ടമ്മ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹിയായ ഭർത്താവ് സൂക്ഷിച്ചിരുന്ന അസോസിയേഷന്റെ രജിസ്റ്ററിലെ കൈയക്ഷരങ്ങളുമായി ഒത്തുനോക്കി.

വാഡ്‌സാപ്പിലൂടെ അപരിചിതൻ അയച്ച ചിത്രത്തിലെ കൈയക്ഷരവും രജിസ്റ്റർ ബുക്കിലുള്ളതും ഒന്നാണെന്ന് ഒടുവിൽ തിരിച്ചറിഞ്ഞു. തുടർന്ന് ശാസ്ത്രീയ പരിശോധനകൾക്കായി ബെംഗളൂരുവിലുള്ള സ്വകാര്യ ഫൊറൻസിക് ഏജൻസിക്ക് കൈയക്ഷരവും വാഡ്‌സാപ്പ് ചിത്രവും അയച്ച് ഉറപ്പുവരുത്തി.

ഇവരുടെ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹിയായിരുന്ന ഭർത്താവിനോടു പ്രതിക്കുള്ള വിരോധമാണ് പകവീട്ടലിനു കാരണമെന്നാണ് സംഭവത്തിൽ വീട്ടമ്മയുടെ ആരോപണം. തുടർന്ന് സൈബർസെൽ, അസിസ്റ്റന്റ് പോലീസ് കമ്മിഷണർ, ഡി.ജി.പി., എറണാകുളം റെയിൽവേ പോലീസ് എന്നിവിടങ്ങളിൽ വീട്ടമ്മ പരാതി നൽകി. വീട്ടമ്മയുടെ പരാതിയിന്മേലുള്ള ഫൊറൻസിക് പരിശോധനാഫലവും ഇവർക്ക് അനുകൂലമാണ്.

Share
Leave a Comment