ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നു.ഇയാൾ സഞ്ചരിച്ച ബൈക്ക് ജലന്തറിലെ ദാരാപുർ ഗ്രാമത്തിനു സമീപം ഉപേക്ഷിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തി. ഇതിന് പിന്നാലെ മുച്ചക്ര റിക്ഷാ വണ്ടിയിൽ ഒരു അനുയായിയും ബൈക്കുമായി പോകുന്ന അമൃത്പാലിന്റെ ചിത്രവും പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിൽ ഡ്രൈവറെ കൂടാതെ അമൃത്പാലും മറ്റൊരു കൂട്ടാളിയുമാണുള്ളത്.
ശനിയാഴ്ച ബൈക്കിൽ രക്ഷപ്പെട്ട അമൃതപാൽ സിംഗ് പിന്നീട് മോട്ടോർ ഘടിപ്പിച്ച മുച്ചക്ര വണ്ടിയിലും യാത്ര ചെയ്തു എന്ന് തെളിയിക്കുന്നതാണ് ചിത്രങ്ങൾ. ഭീകരൻ ഉപയോഗിച്ച ബൈക്ക് കണ്ടെത്തിയതിന് ശേഷം ഇന്നലെ രാത്രിയോടെയാണ് ഈ ചിത്രം പുറത്തുവന്നത്. ജലന്തറിലെ ഫില്ലൗർ ഭാഗത്തേക്കാണ് ഇയാൾ പോയെന്ന സംശയമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
പോലീസിന്റെ ശ്രദ്ധ തിരിച്ചുവിടാൻ അമൃത്പാൽ ഇതുവരെ മൂന്ന് വാഹനങ്ങളാണ് മാറ്റിയതെന്നാണ് വിവരം. ആദ്യം അമൃത്പാൽ തന്റെ മെഴ്‌സിഡസിൽ ആയിരുന്നു യാത്ര. ഗുരുദ്വാരയിൽ എത്തിയതിന് ശേഷം ബൈക്കിലും പിന്നീട് മോട്ടോർ ഘടിപ്പിച്ച മുച്ചക്ര വാഹനത്തിലുമായിരുന്നു യാത്ര. അമൃത്സറിലെ ജല്ലൂപുരിലുള്ള അമൃത്പാലിന്റെ വസതിയിലെത്തിയ പോലീസ് അമ്മയെയും ഭാര്യയെയും ചോദ്യം ചെയ്തിരുന്നു.
ഖാലിസ്ഥാനി ഭീകരനായ അമൃത്പാൽ സിംഗിനെതിരെ ലുക്കൗട്ട് നോട്ടീസും ജാമ്യമില്ലാ വാറന്റും പഞ്ചാബ് പോലീസ് പുറത്തിറക്കിയിരിക്കുകയാണ്. കൂടാതെ ഭീകരന്റെ ഏഴ് വ്യത്യസ്ത രീതികളിലുള്ള ചിത്രങ്ങളഉം പുറത്ത് വിട്ടിരുന്നു. സാധാരണയായി ടർബൻ ധരിച്ച് താടിയും മീശയുമായി നടക്കുന്ന അമൃത്പാലിന്റെ അധികമാരും കണ്ടിട്ടില്ലാത്ത തീർത്തും വ്യത്യസ്തമായ മുഖങ്ങളാണ് പഞ്ചാബ് പോലീസ് പരിചയപ്പെടുത്തിയത്. ഭീകരൻ ഏത് രൂപത്തിലും ജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടാമെന്നതിനാലാണ് വിവിധ ചിത്രങ്ങൾ പോലീസ് പങ്കുവച്ചത്.
Comments