കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസിൽ ഇഫ്താർ വിരുന്നിൽ പങ്കെടുത്തവർക്ക് ദേഹാസ്വാസ്ഥ്യം. റംദാൻ പ്രാർത്ഥനയ്‌ക്ക് ശേഷം മസ്ജിദിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിനെത്തിയ നൂറോളം പേർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. കൊൽക്കത്തയിലെ വിവിധ ആശുപത്രികളിൽ ഇവരെ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. കുർത്താലി പോലീസ് സ്‌റ്റേഷൻ ഏരിയയിലെ പഖിരാലയ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഭക്ഷ്യവിഷബാധയേറ്റതാകാമെന്ന് ഡോക്ടർമാർ സൂചന നൽകി.
ഛർദ്ദിയും വയറിളക്കവുമുണ്ടായതിനെ തുടർന്നാണ് ഭൂരിഭാഗം പേരും ആശുപത്രിയിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രോഗികളിലൊരാളുടെ ഭാര്യ നരേന്ദ്രപൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇഫ്താറിൽ പങ്കെടുത്ത ജനങ്ങളിൽ പലർക്കും വെള്ളിയാഴ്ച രാത്രി മുതലാണ് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെടാൻ തുടങ്ങിയത്. ശനിയാഴ്ചയായതോടെ നഴ്‌സിംഗ് ഹോമിലേക്ക് ചികിത്സ തേടി എത്തുന്നവരുടെ എണ്ണം കൂടുകയായിരുന്നു.
Comments