തിരുവനന്തപുരം : കൈക്കൂലിക്കേസിൽ വിജിലൻസ് തിരുവനന്തപുരം സ്പെഷൽ സെൽ ഓഫിസിലെ ഡിവൈഎസ്പി പി.വേലായുധൻ നായരെ സസ്പെൻഡ് ചെയ്തു. കൈക്കൂലിക്കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങിയതിനാണ് സസ്പെൻഷൻ. കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ റിപ്പോർട്ടിനെ തുടർന്ന് ആഭ്യന്തര വകുപ്പ് അഡീഷനൽ സെക്രട്ടറി സസ്പെൻഡ് ചെയുകയായിരുന്നു. എന്നാൽ വീട്ടിലെ വിജിലൻസ് പരിശോധനയ്‌ക്കിടെ മുങ്ങിയ വേലായുധനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
നേരത്തെ അനധികൃത സ്വത്തു സമ്പാദനക്കേസിലെ പ്രതിയായ ഉദ്യോഗസ്ഥനുമായി വേലായുധൻ പണമിടപാടു നടത്തിയതായി തെളിവു ലഭിച്ചിരുന്നു. ഇതേത്തുടർന്ന് വേലായുധൻ നായർക്കെതിരെ തിരുവനന്തപുരം വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് കേസും റജിസ്റ്റർ ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് തിരുവല്ല നഗരസഭാ സെക്രട്ടറി സ്റ്റാലിൻ നാരായണനെ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടി ജയിലിൽ അടച്ചത്. ഈ പ്രതിയുമായി വേലായുധൻ നായർ സാമ്പത്തിക ഇടപാടു നടത്തിയതായി തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
അതേസമയം പിടിയിലായ റവന്യു ഉദ്യോഗസ്ഥനെതിരെ സ്പെഷൽ സെല്ലിൽ മുൻപുണ്ടായിരുന്ന അവിഹിത സ്വത്തുസമ്പാദനക്കേസ് അന്വേഷിച്ചതും വേലായുധൻ നായരായിരുന്നു. ഇത് മനസ്സിലാക്കിയതോടെയാണ് ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടു വിശദമായി അന്വേഷിച്ചത്. പ്രതിയും വിജിലൻസ് ഉദ്യോഗസ്ഥനും തമ്മിൽ പണമിടപാടു നടന്നതായി കണ്ടെത്തിയതിനെത്തുടർന്നു കേസ് എടുക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നിർദേശിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് പരിശോധന നടത്താൻ വീട്ടിലെത്തിയതിനിടെയാണ് വേലായുധൻ നായർ കടന്നു കളഞ്ഞത്. മാർച്ച് 23ന് കാണാതായ ഇയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
Comments