ന്യൂഡൽഹി: ഗാന്ധി കുടുംബത്തെ ശ്രീരാമനോടും പാണ്ഡവരോടും ഉപമിച്ച് പ്രിയങ്കാ വാദ്ര. നെഹ്‌റു കുടുംബത്തിന് പ്രത്യേക പരിഗണന നൽകാൻ കഴിയില്ലെന്നും കോൺഗ്രസ് പാർട്ടിയിൽ കുടുംബ ഭരണമാണ് കയ്യാളുന്നതെന്നുമുള്ള ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അവർ. ഇതിനിടെയാണ് നെഹ്‌റു കുടുംബത്തെ ശ്രീരാമനോടും പാണ്ഡവരോടും ഉപമിച്ച് കൊണ്ട് പ്രിയങ്ക സംസാരിച്ചത്.
” നിങ്ങൾ കുടുംബവാദത്തെക്കുറിച്ച് സംസാരിക്കുന്നു. അങ്ങനെയെങ്കിൽ എനിക്ക് ചോദിക്കാനുള്ളത് ഇതാണ്. ആരാണ് ശ്രീരാമൻ? അദ്ദേഹമൊരു പരിവാർവാദി ആയിരുന്നില്ലേ? കുടുംബത്തിന്റെ സംസ്‌കാരത്തിന് വേണ്ടി പോരാടിയ പാണ്ഡവൻമാർ കുടുംബവാദികളായിരുന്നില്ലേ? നമ്മുടെ കുടുംബാംഗങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പോരാടിയെന്നുള്ളതിന് ലജ്ജിക്കേണ്ടതുണ്ടോ? ഈ രാജ്യത്തിന്റെ ജനാധിപത്യത്തെ സ്വന്തം രക്തം കൊണ്ട് പരിപോഷിപ്പിച്ചവരാണ് എന്റെ കുടുംബത്തിലുള്ളത്.” പ്രിയങ്കാ വാദ്ര പറഞ്ഞു.
ഞങ്ങൾക്ക് നിങ്ങളിൽ നിന്നും വ്യത്യസ്തമായ ആശയങ്ങൾ ഉണ്ടായിരിക്കാം. പക്ഷെ, ഞങ്ങൾ വെറുപ്പിന്റെ പ്രത്യയശാസ്ത്രമല്ല പിന്തുടരുന്നത്. അതുകൊണ്ടാണ് ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തിന് ശേഷം പാർലമെന്റിൽ വച്ച് പ്രധാനമന്ത്രിയെ രാഹുൽ ആലിംഗനം ചെയ്തതെന്നും പ്രിയങ്ക അവകാശപ്പെട്ടു.
രാഹുലിനെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ഒരുദിവസം നീണ്ടുനിൽക്കുന്ന സത്യഗ്രഹമാണ് കോൺഗ്രസ് നടത്തുന്നത്. പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പ്രിയങ്കാ വാദ്ര എന്നിവരുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് സത്യഗ്രഹം.
Comments