ലക്നൗ : ഉമേഷ് പാൽ വധക്കേസിലെ മുഖ്യപ്രതിയും , കുപ്രസിദ്ധ ഗുണ്ടാനേതാവുമായ ആതിഖ് അഹമ്മദിനെ ഇന്ന് രാത്രിയോടെ അഹമ്മദാബാദ് ജയിലിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് കൊണ്ടുപോകും. 30 മണിക്കൂർ നീണ്ട റോഡ് മാർഗമുള്ള യാത്രയ്‌ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉത്തർപ്രദേശ് പോലീസിന്റെ വാഹനങ്ങളും ആതിഖ് അഹമ്മദിനെ കൊണ്ടുപോകാൻ എത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 9:30 ന് തന്നെ യുപി പോലീസിന്റെ 40 ഓളം വരുന്ന സംഘവും, എസ്ടിഎഫ് ടീമുകളും അഹമ്മദാബാദ് സബർമതി ജയിലിലെത്തിയിരുന്നു .
നേരത്തെ ആതിഖ് അഹമ്മദ് ഡിയോറിയ ജയിലിലായിരുന്നു . 2019 ഏപ്രിലിൽ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് ശേഷമാണ് ഡിയോറിയയിൽ നിന്ന് സബർമതി ജയിലിലേക്ക് മാറ്റിയത് . ആതിഖ് അഹമ്മദിന്റെ സഹോദരൻ അഷ്‌റഫ് അഹമ്മദ് ഉത്തർപ്രദേശിലെ ബറേലി ജയിലിലാണ്. ആതിഖും അഷ്‌റഫും ഉമേഷ് പാൽ വധക്കേസിൽ പ്രതികളായതിനാൽ ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനും പോലീസ് പദ്ധതിയിടുന്നുണ്ട് . ഇവർ വിവിധ ജയിലുകളിലായതിനാൽ കേസന്വേഷണത്തിനും ചോദ്യം ചെയ്യലിനും പോലീസിന് കൂടുതൽ സമയമെടുത്തേക്കും. അതുകൊണ്ടാണ് യുപി പോലീസിന് ആതിഖിനെ പ്രയാഗ് രാജ് ജയിലിലേക്ക് മാറ്റുന്നത്.
ആതിഖ് അഹമ്മദിനെ പ്രയാഗ്‌രാജ് ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ്, ഗുജറാത്ത് പോലീസ് കഴിഞ്ഞ ദിവസം രാത്രി സംസ്ഥാനത്തെ 17 പ്രധാന ജയിലുകളിൽ വലിയ തോതിലുള്ള തിരച്ചിൽ നടത്തിയിരുന്നു . സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘ്വി തന്നെ നേരിട്ട് ഈ ഓപ്പറേഷന് നേതൃത്വം നൽകി . അഹമ്മദാബാദിലെ സബർമതി ജയിലിൽ മുന്നൂറോളം പോലീസുകാർ തിരച്ചിൽ നടത്തി. റെയ്ഡിൽ 16 മൊബൈൽ ഫോണുകൾ, 10 ഇലക്ട്രോണിക് വസ്തുക്കൾ, 39 മാരകായുധങ്ങൾ, 500 ലധികം മയക്കുമരുന്ന് എന്നിവ പോലീസ് കണ്ടെടുത്തു.
അതേസമയം തന്നെ പ്രയാഗ് രാജിലേയ്‌ക്ക് മാറ്റുന്നത് ആതിഖിൽ ഭയമുളവാക്കിയിട്ടുണ്ടെന്നാണ് സൂചന . തന്നെ യുപിയിലേയ്‌ക്ക് കൊണ്ടുപോകും വഴി എൻകൗണ്ടർ ഉണ്ടാകുമോയെന്ന് പോലും ആതിഖ് ഭയപ്പെടുന്നുണ്ട് . തന്നെ വീഡിയോ കോൺഫറൻസ് വഴി ചോദ്യം ചെയ്താൽ മതിയെന്നാണ് ആതിഖ് ആവശ്യപ്പെടുന്നത് .
നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ഉത്തർപ്രദേശിൽ നിന്നുള്ള മുൻ എം.എൽ.എയായ അതിഖ് അഹമ്മദ്, ഉത്തർപ്രദേശിലെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ ഘട്ടംഘട്ടമായുണ്ടായ അപകടത്തിലോ ഏറ്റുമുട്ടലിലോ കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നതായി ആതിഖുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ ആതിഖ് അഹമ്മദിന്റെ ശിക്ഷ മാർച്ച് 28-ന് വിധിക്കും. കൊലക്കേസിൽ ഉൾപ്പെട്ടിരുന്ന മറ്റൊരാളെ ഈ മാസം ആദ്യം ഏറ്റുമുട്ടലിൽ വെടിവെച്ചുകൊന്നു.ക സ്റ്റഡിയിലെടുക്കാൻ ഉത്തർപ്രദേശ് പോലീസ് സംഘമുണ്ടെങ്കിലും ആതിഖ് അഹമ്മദ് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ വിസമ്മതിക്കുകയാണ്. ഇയാളെ കസ്റ്റഡിയിലെടുക്കാൻ സുപ്രീം കോടതിയുടെ അനുമതി വേണമെന്ന് സബർമതി ജയിൽ അധികൃതരുമായി സംഘം ചർച്ച നടത്തിവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
2005ൽ നടന്ന ബിഎസ്പി നിയമസഭാംഗം രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് അതിഖ് അഹമ്മദ്. കൊലപാതകത്തിലെ മുഖ്യസാക്ഷിയായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.
















Comments