മുംബൈ : സൽമാൻ ഖാന് വധഭീഷണി സന്ദേശമയച്ച കേസിൽ യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പൂരിൽ സ്വദേശി ധക്കദ് രാം വിഷ്‌ണോയിയാണ് അറസ്റ്റിലായത്. രാജസ്ഥാൻ പോലീസും മുംബൈ പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
മാർച്ച് 18-നാണ് സൽമാൻഖാന് ഭീഷണി സന്ദേശം ലഭിക്കുന്നത്. ഇമെയിൽ വഴി വന്ന സന്ദേശത്തിൽ സൽമാൻ ഖാനെ കൊല്ലുമെന്നാണ് പ്രതി ഭീഷണിപ്പെടുത്തിയത്. നടൻ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.പഞ്ചാബി ഗായകൻ മൂസ്‌വാലയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ധക്കദ് രാം വിഷ്‌ണോയ്‌ക്ക് നേരെയുണ്ട്. സൽമാൻ ഖാന് നേരെ ഭീഷണിയുള്ളതിനാൽ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷവും ഇത്തരത്തിൽ സൽമാൻ ഖാനും പിതാവിനും നേരെ വധഭീഷണി കത്ത് ലഭിച്ചിരുന്നു. അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയ സിദ്ദൂ മൂസവാലയുടെ അവസ്ഥയുണ്ടാകുമെന്നാണ് ഭീഷണിക്കത്തിലുണ്ടായിരുന്നത്. താരം പ്രഭാത സവാരിയ്‌ക്ക് പോകുന്ന വഴിയിൽ നിന്ന്് സുരക്ഷ ഉദ്യോഗസ്ഥർ കണ്ടെടുക്കുകയായിരുന്നു. ഇതിന് ശേഷം താരം സ്വയം സുരക്ഷ ശക്തമാക്കിയിരുന്നു.
Comments