കോട്ടയം: നോമ്പുതുറ സമയത്ത് സൈറൺ മുഴക്കണമെന്ന ചങ്ങനാശ്ശേരി നഗരസഭയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി കാസ. നഗരസഭാ സെക്രട്ടറി ഇറക്കിയ വിവാദ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളെ മതപരമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്ന് സംസ്ഥാന സർക്കാരിനോടും തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിമാരോടും നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹർജി തീർപ്പാകും വരെ വിവാദ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നോമ്പുതുറ ഉത്തരവിന് ആധാരമായ രേഖകൾ വിളിച്ചു വരുത്തണമെന്നും ഹർജിയിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് വിചിത്രവും വിവാദപരവുമായ ഉത്തരവ് ചങ്ങനാശ്ശേരി നഗരസഭ സെക്രട്ടറി പുറത്തിറക്കിയത്. നോമ്പുതുറ സമയത്ത് മുൻസിപ്പൽ സൈറൺ മുഴക്കണം എന്നാണ് നഗരസഭ സെക്രട്ടറി രേഖമൂലം നിർദേശം നൽകിയ നിർദ്ദേശം. കൃത്യസമയത്ത് സൈറൺ മുഴങ്ങുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ ഒരു ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തി.
ഉത്തരവിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലാത്ത ഒരു നടപടിയാണ് നഗരസഭ സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി പ്രതികരിച്ചു. ഉത്തരവിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഐക്യവേദി വ്യക്തമാക്കി.
വിവാദ ഉത്തരവിൽ വലിയ പ്രതിഷേധമാണ് സംസ്ഥാനവ്യാപകമായി ഉടലെടുത്തിരിക്കുന്നത്. സമരത്തിനൊപ്പം നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഹിന്ദു ഐക്യവേദി വ്യക്തമാക്കി. വിവിധ തൊഴിലാളി യൂണിയനുകളും നഗരസഭ സെക്രട്ടറിക്കെതിരെ രംഗത്തുവന്നിരുന്നു. തീരുമാനം നഗരസഭ ഭരണ സമിതിയുടെ അറിവോടെയായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. വിഷയത്തിൽ പ്രതികരിക്കാൻ നഗരസഭയോ സെക്രട്ടറിയോ തയ്യാറായിട്ടില്ല.
















Comments