നമ്പർ വൺ സംസ്ഥാനമെന്ന് സ്വയം പ്രഖ്യാപിക്കുമ്പോഴും കേരളത്തിലെ കായൽ സംരക്ഷണം പൂർണ്ണ പരാജയം. ദേശീയ ഹരിത ട്രൈബൂണൽ കേരളത്തിന് 10 കോടി രൂപ പിഴ ചുമത്തി. വേമ്പനാട്, അഷ്ടമുടി കായലുകളിലെ മലിനീകരണം തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടി കാട്ടിയാണ് ട്രൈബൂണൽ പിഴ ചുമത്തിയത്. കായലുകളിലെ മലിനീകരണം എത്രയും വേഗം ഒഴിവാക്കണമെന്നും ട്രൈബൂണൽ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനായുള്ള കർമ്മപദ്ധതി ആറ് മാസത്തിനുള്ളിൽ നടപ്പാക്കണമെന്നും ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നു.ബ്രഹ്‌മപുരം വിഷയത്തിൽ നടപടിക്ക് ശുപാർശ ചെയ്ത് അധികം നാളാകുന്നതിന് മുൻപാണ് കായൽ സംരക്ഷണത്തിന്റെ വീഴ്ചയിൽ പിഴ ചുമത്തിയിരിക്കുന്നത്. പരിസ്ഥിതിപ്രവർത്തകനായ കെ.വി കൃഷ്ണദാസാണ് സർക്കാരിനെതിരേ ഹരിത ട്രൈബ്യൂണലിൽ കേസ് ഫയൽ ചെയ്തത്.
മലിനജല സംസ്‌കരണം, കക്കൂസ് മാലിന്യസംസ്‌കരണം, കനാൽ നവീകരണം, അറവുമാലിന്യസംസ്‌കരണം എന്നിവയ്‌ക്കെല്ലാമായി കോടിക്കണക്കിനു രൂപയുടെ ഫണ്ട് ലഭിക്കുന്നണ്ട്. സ്വകാര്യ സംഘടനകളും വലിയ തോതിൽ സഹായിക്കുന്നുണ്ട്. കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും ചെലവഴിക്കാത്തതിനാലാണ് കായലുകൾ മലിനമായിക്കിടക്കുന്നതെന്നും ട്രിബ്യൂണൽ കണ്ടെത്തി. തണ്ണീർത്തടങ്ങൾ കൂടിയായ വേമ്പനാട്, അഷ്ടമുടി കായലുകൾക്ക് സമീപമുള്ള സ്വകാര്യ സ്ഥാപനങ്ങളും സർക്കാരും മാലിന്യസംസ്‌കരണത്തിൽ വീഴ്ച വരുത്തുന്നുവെന്നാണ് ട്രൈബ്യൂണലിന്റെ വിലയിരുത്തൽ. വേമ്പനാട്, അഷ്ടമുടി കായലുകളിലെ വെള്ളം പരിശോധിച്ചപ്പോൾ കോളിഫോം ബാക്ടീരിയകളുടെ സാനിധ്യം വളരെ കൂടുതലായി കണ്ടെത്തിയിരുന്നു. നൂറ് മില്ലിലിറ്റർ വെള്ളത്തിൽ അഞ്ഞൂറിൽ താഴെയായിരിക്കണം കോളിഫോം ബാക്ടീരിയയുടെ എണ്ണം. എന്നാൽ ഇവിടെ അത് രണ്ടായിരത്തിയഞ്ഞൂറാണ്.
വേമ്പനാട്ടുകായലിന്റെ ഗുണഭോക്താക്കളായ കൊച്ചി കോർപ്പറേഷനും ഏഴു നഗരസഭകൾക്കും 35 പഞ്ചായത്തുകൾക്കും മാലിന്യസംസ്‌കരണത്തിനു ഫണ്ട് ലഭിച്ചിട്ടും ഉപയോഗിച്ചില്ല. മെട്രോറെയിൽ മാലിന്യം സംസ്‌കരിക്കാൻ ആയിരം കോടിയോളം രൂപ അനുവദിച്ചിട്ടും എന്നിട്ടും സംസ്‌കരണപ്ലാന്റുണ്ടാക്കിയിട്ടില്ല്. മലിനീകരണനിയന്ത്രണ ബോർഡ് നോട്ടീസ് നൽകിയിട്ടും നഗരസഭയോ കോർപ്പറേഷനുകളും കായലുകളിലേക്ക് മലിനജലമൊഴുക്കുന്നത് തടഞ്ഞില്ല. അമൃത് പദ്ധതിയിൽ കോടിക്കണക്കിനു രൂപ അനുവദിച്ചെങ്കിലും ഏഴുവർഷമായിട്ടും കേരളം അത് പൂർണമായും ചെലവഴിച്ചില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥർ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് പിഴ തുക ഈടാക്കണമെന്നും കേസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ആദർശ്കുമാർ ഗോയൽ, ജുഡീഷ്യൽ അംഗം ജസ്റ്റിസ് സുധീർ അഗർവാൾ, വിഷയവിദഗ്ധൻ ഡോ. എ. സെന്തിൽവേൽ എന്നിവരുൾപ്പെട്ട ഹരിത ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
















Comments