കാബൂൾ: അഫ്ഗാനിസ്ഥാനിലെ വിദേശകാര്യമന്ത്രാലയത്തിന് സമീപമുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തീവ്രവാദസംഘടയായ ഐഎസ്- കെ. ആറുപേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിന്റെ പിന്നിലെ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പങ്ക് ഇതോടെ വ്യക്തമായി. ടെലിഗ്രാം വഴിയാണ് തീവ്രവാദ സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തതായി അറിയിച്ചത്.
വിദേശകാര്യമന്ത്രാലയത്തിലെ ജീവനക്കാർ ഓഫീസിൽ നിന്ന് ഇറങ്ങിയ സമയത്തായിരുന്നു സ്ഫോടനമുണ്ടായത്. ആക്രമണമുണ്ടാവുന്നതിന് മുൻപ് ചാവേറിനെ തിരിച്ചറിയുകയും കൊലപ്പെടുത്തുകയുമായിരുന്നു. എന്നാൽ ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന സ്ഫോടനവസ്തു പൊട്ടി തെറിച്ചാണ് അപകടമുണ്ടായത്. ഇതിനെ തുടർന്ന് താലിബാനിലെ സുരക്ഷാ സേനാംഗങ്ങൾ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റെന്നും കാബൂൾ പോലീസ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപം നടന്ന സ്‌ഫോടനത്തിൽ 6 പേർ കൊല്ലപെടുകയും 12 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുഎൻ മിഷൻ ഉൾപ്പെടെ നിരവധി സംഘടനകൾ ആക്രമണത്തെ അപലപിച്ചു.
2021-ൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണങ്ങൾ പതിവാണ്. ജനുവരിയിൽ സമാന രീതിയിൽ മറ്റൊരുസംഭവം നടന്നിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന് മുൻവശത്ത് ഉണ്ടായ ആ സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Comments