മാഡ്രിഡ് : കഴിഞ്ഞ 30 വർഷത്തിനിടെ സ്പെയിനിലെ മുസ്ലീം ജനസംഖ്യ പത്തിരട്ടി വർദ്ധിച്ചതായി റിപ്പോർട്ട് . സ്പെയിനിലെ മുസ്ലീം ജനസംഖ്യ 2.5 ദശലക്ഷം കവിഞ്ഞതായി സ്പെയിനിലെ ഇസ്ലാമിക് കമ്മീഷൻ സെക്രട്ടറിയാണ് വ്യക്തമാക്കിയത്.
ഔദ്യോഗിക രേഖകൾ പ്രകാരം 2.5 ദശലക്ഷവും അനൗദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 3 ദശലക്ഷത്തോളം മുസ്ലീങ്ങളും സ്പെയിനിൽ താമസിക്കുന്നുണ്ടെന്ന് ഇസ്ലാമിക് കമ്മീഷൻ സെക്രട്ടറി മുഹമ്മദ് അജാന പറഞ്ഞു.
പണ്ട് സ്പെയിനിലെ മുസ്ലീം ജനസംഖ്യക്കാർ തീർത്തും കുടിയേറ്റക്കാരായിരുന്നു .എന്നാൽ ഇപ്പോൾ സ്പാനിഷ് പൗരന്മാർക്കിടയിൽ അവർക്കും ഒരു പ്രധാന സ്ഥാനമുണ്ട് . അത് അവർ നേടിയെടുത്തതാണെന്നും അജാന കൂട്ടിച്ചേർത്തു.
രാജ്യത്തെ ഒരു ദശലക്ഷത്തിലധികം മുസ്ലീങ്ങൾ സ്പാനിഷ് പൗരന്മാരാണെന്നും അവരിൽ ചിലർ കുടിയേറ്റക്കാരാണെന്നും മറ്റുള്ളവർ സ്പാനിഷ് വംശജരാണെന്നും അദ്ദേഹം പറഞ്ഞു . മൊറോക്കോ, പാകിസ്ഥാൻ, ബംഗ്ലാദേശ്, സെനഗൽ, അൾജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീങ്ങളാണ് ഭൂരിപക്ഷം . സ്പെയിനിലെ മുസ്ലീം ജനസംഖ്യയുടെ ഭൂരിഭാഗവും കാറ്റലോണിയ, വലൻസിയ, അൻഡലൂഷ്യ, മാഡ്രിഡ് തുടങ്ങിയ വ്യാവസായിക മേഖലകളിലാണ് താമസിക്കുന്നത്.
സ്‌പെയിനിൽ നിലവിൽ 53 ഇസ്‌ലാമിക് ഫെഡറേഷനുകൾ മുസ്‌ലിം സമുദായത്തെ സേവിക്കുന്നുണ്ടെന്നും രണ്ടായിരത്തോളം പള്ളികളുണ്ടെന്നും മുഹമ്മദ് അജന പറഞ്ഞു.
മുസ്ലീങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങൾ മസ്ജിദുകളുടെ നിർമ്മാണത്തിനുള്ള പെർമിറ്റുകളും ലൈസൻസുകളും നേടുന്നതാണ്, ജനസംഖ്യ, വിദ്യാഭ്യാസം, ഇസ്‌ലാമോഫോബിയ എന്നിവ വർധിച്ചിട്ടും 40 മുസ്ലീം ശ്മശാനങ്ങൾ മാത്രമേയുള്ളൂവെന്നും മുഹമ്മദ് പറഞ്ഞു .എന്നാൽ സ്പെയിനിലെ ക്രിസ്ത്യൻ മതവിശ്വാസികളിൽ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട് .
അടുത്തിടെ യുകെയിൽ രാജ്യത്തെ ഭൂരിപക്ഷമതക്കാരുടെ എണ്ണത്തിൽ വൻ ഇടിവ് ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു . ഇംഗ്ലണ്ടിലെയും വെയൽസിലെയും ജനസംഖ്യയുടെ പകുതിയിൽ താഴെ പേർ മാത്രമാണ് ക്രിസ്ത്യാനികളായിട്ടുള്ളത്. 2021 ൽ നടത്തിയ 10 വർഷത്തെ സെൻസസ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മതമില്ല എന്ന് സെൻസസ് സമയത്ത് രേഖപ്പെടുത്തിയവരുടെ എണ്ണത്തിലും വൻ വർദ്ധനവ് ഉണ്ടായതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
മുസ്ലീം ജനസംഖ്യ 6.5 ശതമാനമായി കുത്തനെ കൂടി. 3.9 ദശലക്ഷം ആളുകളാണ് യുകെയിൽ മുസ്ലീം മതവിശ്വാസികളായുള്ളത്. അതേസമയം ഹിന്ദുമതവിശ്വാസികൾ 1.0 ദശലക്ഷവും സിഖ് 5,24,000 വും ബുദ്ധമതക്കാർ രണ്ട് ലക്ഷത്തോളവുമാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
Comments