ന്യൂഡൽഹി: എയർ ഇന്ത്യ എക്‌സ്പ്രസിനും എയർഏഷ്യ ഇന്ത്യയ്‌ക്കുമായി ഏകീകൃത റിസർവേഷൻ സംവിധാനം ആരംഭിച്ചു. ഇനിമുതൽ സംയോജിത വെബ്സൈറ്റ് വഴി യാത്രക്കാർക്ക് രണ്ട് എയർലൈനുകളുടെയും ടിക്കറ്റ് ബുക്കിംഗ് സേവനം ലഭിക്കും. ഇതോടെ എയർ ഇന്ത്യ എക്‌സ്പ്രസിന്റെയും എയർഏഷ്യ ഇന്ത്യയുടെയും ആഭ്യന്തര, രാജ്യാന്തര വിമാന സർവീസ് ഇനി മുതൽ airindiaexpress.com എന്ന വെബ്‌സൈറ്റിലാകും ലഭ്യമാകുക.
എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ പൂർണമായി ഏറ്റെടുത്തത് അഞ്ച് മാസം മുമ്പാണ്. മൂന്ന് മാസം മുമ്പ് ഇവ രണ്ടും ഒരു സിഇഒയുടെ കീഴിലെത്തുകയും ചെയ്തിരുന്നു. ഏകൃകൃത റിസർവ്വേഷൻ സംവിധാനം നിലവിൽ വന്നതോടെ എയർ ഇന്ത്യ എക്സ്പ്സസിന്റെയും, എയർ ഏഷ്യയുടെയും ലയനത്തിന്റെ നിർണായക ഘട്ടം പൂർത്തിയാക്കിയതായും, പരിവർത്തന യാത്രയിലെ നാഴികക്കല്ലാണിതെന്നും എയർ ഇന്ത്യ ഗ്രൂപ്പ് അറിയിച്ചു.
ലയനനടപടികളിലെ മറ്റ് ഘട്ടങ്ങൾ വരുംദിവസങ്ങളിൽ പൂർത്തിയാക്കുമെന്നും എയർ ഇന്ത്യയുടെ സിഇഒയും എംഡിയുമായ കാംബെൽ വിൽസൺ പറഞ്ഞു. നിലവിൽ ഇന്ത്യയിൽ 19 സ്ഥലങ്ങിലേക്കാണ് എയർ ഏഷ്യ ഇന്ത്യ വിമാനങ്ങൾ സർവ്വീസ് നടത്തുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് 19 ഇന്ത്യൻ നഗരങ്ങളിലും 14 രാജ്യാന്തര സ്ഥലങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്.
എയർ ഇന്ത്യ എക്‌സ്പ്രസ് 2005-ലും എയർ ഏഷ്യ ഇന്ത്യ 2014-ലുമാണ് പ്രവർത്തനമാരംഭിച്ചത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ, വിസ്താര എന്നിങ്ങനെ നിലവിൽ നാല് എയർലൈനുകൾ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കൽ നടപടികൾ പൂർണ്ണമായാൽ കമ്പനി കുറഞ്ഞ ചെലവിൽ അന്താരാഷ്‌ട്ര സർവീസുകളും ലഭ്യമാക്കുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.
Comments