തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ചു. വേനലവധിയിലേക്ക് പ്രവേശിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾ പരീക്ഷകൾ അവസാനിച്ച ആഹ്ലാദത്തിനിടയിലും വർഷങ്ങളോളം കൂടെ പഠിച്ച കൂട്ടുകാരെ പിരിയുന്ന ദുഃഖത്തിലാണ്. നാളെയാണ് ഹയർസെക്കൻഡറി പരീക്ഷകൾ അവസാനിക്കുക.
4,19,554 വിദ്യാർത്ഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. മൂല്യനിർണ്ണയം ഏപ്രിൽ 3 ആരംഭിച്ച് 26-ന് അവസാനിക്കും. സംസ്ഥാനത്തെ 70 ക്യാമ്പുകളിലായിട്ടാണ് മൂല്യനിർണ്ണയം നടക്കുക. പതിനെട്ടായിരത്തോളം അദ്ധ്യാപകർ മൂല്യനിർണയത്തിന്റെ ഭാഗമാകും.
പാഠ്യേതരവിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തേ അറിയിച്ചിരുന്നു. മെയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന.















