ലക്‌നൗ: കുശിനഗറിൽ ഒരു കാർഷിക സാങ്കേതിക സർവകലാശാല സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാർഷിക മേഖലയിൽ സാങ്കേതികമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ലക്ഷ്യമിട്ടാണ് കാർഷിക സാങ്കേതിക സർവകലാശാല സ്ഥാപിക്കുന്നത്. കുശിനഗറിലെ ഗാന്ധി കിസാൻ ഇന്റർ കോളേജിൽ നടന്ന ചടങ്ങിലായിരുന്നു യോഗിയുടെ പ്രഖ്യാപനം.
ഉത്തർപ്രദേശ് സമ്പന്നമാകുന്നതിന് എല്ലാ സാധ്യതകളും വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലും മാർഗ നിർദ്ദേശത്തിലും രാജ്യം വികസനത്തിന്റെ പാതയിൽ മുന്നേറുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കുശിനഗർ എല്ലാ തരത്തിലും സംസ്ഥാനത്തിന് മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്. കുശിനഗർ കൃഷിയിലൂടെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് നൽകിയ സംഭാവന ചെറുതല്ല. സർവകലാശാല നിലവിൽ വരുന്നതോടെ കാർഷിക വളർച്ചയ്‌ക്ക് പുതിയ സാധ്യതകൾ സൃഷ്ടിക്കാൻ സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എഥനോൾ വഴി എണ്ണ ഉൽപാദനത്തിൽ സ്വയം പര്യാപ്തരാവാൻ പഞ്ചസാര മില്ലുകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി കിസാൻ ഇന്റർ കോളേജിൽ നടന്ന ചടങ്ങിൽ 451 കോടിരൂപയുടെ 106 വികസന പദ്ധതികൾക്ക് ഉദ്ഘാടന കർമം നിർവഹിച്ചുകൊണ്ട് കാർഷിക മേഖലയിലെ നവീകരണ പദ്ധതികളെ കുറിച്ച് അദ്ദേഹം അറിയിക്കുകയായിരുന്നു.
Comments