ന്യൂഡൽഹി:കേരളത്തിന് ഇത് അഭിമാന നിമിഷം. ഭാരതത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ 1721-ൽ ആറ്റിങ്ങലിൽ പോരാട്ടം നയിച്ച ധീരദേശാഭിമാനി കുടമൺ പിള്ളയുടെ ചിത്രം ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന് കൈമാറി. കഴിഞ്ഞദിവസം ഡൽഹിയിലെ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാറിൽ നിന്ന് ഐസിഎച്ച്ആർ മെമ്പർ സെക്രട്ടറി പ്രൊഫ. ഉമേഷ് അശോക് കദം ചിത്രം ഏറ്റുവാങ്ങി. കുടമൺ പിള്ളയുടെ ചിത്രം ഐസിഎച്ച്ആറിൽ സ്ഥാപിക്കുമെന്ന് പ്രൊഫ. ഉമേഷ് അശോക് കദം അറിയിച്ചു. സംസ്‌കാർ ഭാരതി ദക്ഷിണ ക്ഷേത്രീയ പ്രമുഖ് തിരൂർ രവീന്ദ്രനും ചടങ്ങിൽ പങ്കെടുത്തു.
ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പടപൊരുതി 143 ബ്രിട്ടീഷുകാരെ കൊലപ്പെടുത്തി, ധീരേതിഹാസം രചിച്ച ആറ്റിങ്ങൽ കലാപത്തിന് നേതൃത്വം നൽകിയ കുടമൺ പിള്ളയെക്കുറിച്ച് നമ്മുടെ ചരിത്രപുസ്തകങ്ങളിൽ കാണാനാകില്ലെന്ന് ജെ. നന്ദകുമാർ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവം, ഇത്തരത്തിൽ മറച്ചുവെക്കപ്പെട്ട, തമസ്‌കരിക്കപ്പെട്ട നൂറുകണക്കിന് ധീര ദേശാഭിമാനികളെകുറിച്ച് പഠിക്കാൻ വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടമൺ പിള്ളയുടെ ചിത്രം ആദ്യമായാണ് ഒരു ചിത്രകാരൻ വരച്ചിരിക്കുന്നത്. പ്രസിദ്ധ ചിത്രകാരനും തപസ്യ കലാസാഹിത്യവേദി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയുമായ സുജിത്ത് ഭവാനന്ദനാണ് കുതിരപ്പുറമേറി വരുന്ന കുടമൺപിള്ളയുടെ ചിത്രം വരച്ചിരിക്കുന്നത്. ആറ്റിങ്ങൽ കലാപത്തിന്റെ ചരിത്രവും കുടമൺ പിള്ള എന്ന ധീരദേശാഭിമാനിയായ വീരനായകനെയും ജനശ്രദ്ധയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചിത്രം വരച്ചതെന്ന് സുജിത്ത് പറയുന്നു. ഇതോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ചിത്രകാരന്മാർ വരച്ച ചിത്രങ്ങളോടൊപ്പം കുടമൺ പിള്ളയുടെ ചിത്രവും അറിയപ്പെടാത്ത സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയിൽ ഇടം പിടിച്ചത്.
കേന്ദ്ര ലളിതകലാ അക്കാദമി നടത്തിയ ചിത്ര കലാ ക്യാമ്പിൽ വെച്ച് വരച്ച ചിത്രം കേന്ദ്ര ലളിത കലാ അക്കാദമി അംഗീകരിച്ചിരുന്നു. തുടർന്ന് രാജാരവിവർമ്മയുടെ 174-ാമത് ജന്മ വാർഷികവുമായി ബന്ധപ്പെട്ട് 2022 മെയ് മാസത്തിൽ കിളിമാനൂർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി സംസ്‌കാർ ഭാരതി ദക്ഷിണ ക്ഷേത്രീയ പ്രമുഖ് തിരൂർ രവീന്ദ്രന് ചിത്രം കൈമാറി നാടിന് സമർപ്പിച്ചിരുന്നു. ഈ ചിത്രമാണ് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന് കൈ മാറിയിരിക്കുന്നത്.
Comments