ഛണ്ഡീഗഡ്: ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് കീഴടങ്ങാൻ മൂന്ന് നിബന്ധനകൾ പോലീസിന് മുൻപാകെ വെച്ചതായി സൂചന. അറസ്റ്റല്ല, പകരം കീഴടങ്ങിയതാണെന്ന് പോലീസ് വെളിപ്പെടുത്തണം, പഞ്ചാബ് ജയിൽ തന്നെ പാർപ്പിക്കണം, പോലീസ് കസ്റ്റഡിയിൽ മർദ്ദിക്കാൻ പാടില്ല-ഇവയാണ് അമൃത്പാൽ സിംഗ് മുന്നോട്ട് വെച്ചിരിക്കുന്ന ഉപാധികൾ.അമൃത്സറിലെ സുവർണ ക്ഷേത്രത്തിലാണ് കീഴടങ്ങുകയെന്നാണ് സൂചന. കീഴടങ്ങുമെന്ന റിപ്പോർട്ടുകൾക്കിടെ അമൃത്സറിലടക്കം സുരക്ഷ ശക്തമായി തുടരുകയാണ്.
കഴിഞ്ഞ പത്ത് ദിവസത്തിലധികമായി പഞ്ചാബ് പോലീസ് അമൃത്പാലിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്. വാരിസ് പഞ്ചാബ് ദേ തലവനും സഹായി പപൽപ്രീത് സിംഗും ഹോഷിയാർപൂരിൽ ഒളിവിൽ കഴിയുന്നവെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് പോലീസ് വൻ തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒളിവിൽ കഴിയുന്ന ഇയാൾ കീഴടങ്ങുമെന്ന സൂചന ലഭിച്ചത്. ഇതിന്റെ പശ്ചത്താലത്തിൽ സുവർണ ക്ഷേത്രത്തിന് അകത്തും പുറത്തും വലിയ സുരക്ഷാ വലയമാണ് തീർത്തിരിക്കുന്നത്.
ഒളിവിൽ തുടരുന്നതിനിടെ അമൃത്പാൽ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. രണ്ടു മിനിറ്റും 20 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിൽ മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനെയും പഞ്ചാബ് പൊലീസിനെയും അമൃത്പാൽ സിംഗ്് വെല്ലുവിളിച്ചു. സർക്കാരിന് തന്നെ അറസ്റ്റ് ചെയ്യണമെങ്കിൽ വീട്ടിൽ നിന്നാകാമായിരുന്നു. തന്നെ ഉപദ്രവിക്കാൻ ആർക്കുമാകില്ലെന്നും അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അമൃത്പാൽ വീഡിയോയിൽ വ്യക്തമാക്കി.
Comments