ഡൽഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ കെടുതികൾ ഇതുവരെയും കെട്ടടുങ്ങിയിട്ടില്ല. കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തത്തിന് കാരണമായത് അഴിമതിയുടെ മാലിന്യ കൂമ്പാരത്തിന് തീ പടർന്നതാണ്. കരാർ ഏറ്റെടുത്ത കമ്പനിയ്‌ക്കൊപ്പം ഇടത്-വലത് രാഷ്‌ട്രീയ നേതാക്കൾക്കും സർക്കാരിനും ബ്രഹ്മപുരം അഴിമതിയിൽ പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്. ഈ വിവാദത്തിന് പിന്നാലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ കരാർ ലഭിച്ച സോണ്ട ഇൻഫ്രാ ടെക്കിനും രാജ് കുമാർ പിള്ളയ്‌ക്കുമെതിരെ പ്രധാനമന്ത്രിക്ക് പരാതി ലഭിച്ചിരിക്കുകയാണ്. ജർമ്മൻ പൗരനായ പാട്രിക്ക് ബൗവറാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നൽകിയിരിക്കുന്നത്.
സോണ്ട കമ്പനിയിൽ നിക്ഷേപം നടത്തിയ വ്യക്തിയാണ് പാട്രിക്ക് ബൗവർ. ഇന്ത്യയിൽ നിക്ഷേപം നടത്തിയ താൻ ചതിക്കപ്പെട്ടുവെന്നാണ് അദ്ദേഹം പരാതിയിൽ ആരോപിച്ചിരിക്കുന്നത്. രാജ് കുമാർ പിള്ള കേരളത്തിലെ രാഷ്‌ട്രീയ കുടുംബത്തിൽ നിന്നാണ്. അതിനാൽ നിക്ഷേപിച്ച പണം തിരികെ കിട്ടാൻ നാല് വർഷമായി കഷ്ടപ്പെടുകയാണെന്നും പാട്രിക് പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. വിഷയത്തിൽ ഗവൺമെന്റ് ശക്തമായ നടപടി സ്വീകരിക്കണം. ഇന്ത്യയിലേയ്‌ക്കുള്ള വിദേശ നിക്ഷേപങ്ങൾക്ക് തിരിച്ചടിയാകുന്നതാണ് സോണ്ട കമ്പനിയുടെ തട്ടിപ്പ് എന്നും പാട്രിക്ക് ബൗവർ കത്തിൽ പറയുന്നു.
അതേസമയം, പാട്രിക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം വിശ്വന്റെ മരുമകനും സോണ്ട കമ്പനി ഡയറക്ടറും ആയ രാജ്‌കുമാർ പിള്ളയ്‌ക്കെതിരെ ബാംഗ്ലൂർ പോലീസ് കേസ് എടുത്തിട്ടുണ്ട്. വിശ്വാസ വഞ്ചനയ്‌ക്കാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 20 കോടി രൂപയുടെ എസ്ബിഎൽസി (Standby Letter of Credit) നൽകിയതിന് ലാഭ വിഹിതമായി 82 ലക്ഷം നൽകാമെന്ന കരാർ ലംഘിച്ചുവെന്നും കരാറിൽ പറഞ്ഞ തുക നൽകാതെ പറ്റിച്ചുവെന്നുമാണ് ജർമ്മൻ പൗരന്റെ പരാതി.
















Comments