കോട്ടയം: ജി 20 ഉച്ചകോടി ഉദ്യോഗസ്ഥ സംഗമത്തിനായി കുമരകം ഒരുങ്ങിക്കഴിഞ്ഞു. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി എത്തുന്ന ഉദ്യോഗസ്ഥർക്ക് വെൽക്കം ട്രിങ്ക് നൽകുന്നത് കണ്ണൂർ പടിയൂരിൽ നിന്നുള്ള ചിരട്ടക്കപ്പുകളിൽ. പായം കുന്നോത്ത് സ്വദേശി ജോയ് ജോർജിന്റെ ഉടമസ്ഥതയിലുള്ള പടിയൂർ അമൃത ഇക്കോ പ്രൊഡക്ട് ആണ് കപ്പുകൾ തയാറാക്കിയത്. 250 മില്ലി ലിറ്റർ കൊള്ളുന്ന 200 ചിരട്ട കപ്പുകളാണ് സമ്മേളനം നടക്കുന്ന കവണാറ്റിൻകരയിലെ കെടിഡിസി വാട്ടർ സ്‌കേപ് റിസോർട്ടിലെത്തിച്ചത്.
പൂർണ്ണമായും പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിലാണ് സമ്മേളനം നടക്കുക. ഉച്ചകോടിക്കെത്തുന്ന അതിഥികൾക്ക് വെൽക്കം ട്രിങ്കായി കരിക്കിൻ വെള്ളം നൽകാനാണ് ചിരട്ട കപ്പുകൾ. പാരമ്പര്യമായി കരകൗശല ജോലി ചെയ്തിരുന്നവരാണ് ജോയ് ജോർജ്ജും കുടുംബവും.
ആവശ്യക്കാർ ഏറെ ഉണ്ടെങ്കിലും കേരളത്തിൽ ചിരട്ട ഉൽപന്നങ്ങൾ കുറവാണെന്നാണ് ജോയ് ജോർജ്ജിന്റെ അഭിപ്രായം. അതുകൊണ്ട് തന്നെയാണ് ഈ മേഖല തിരഞ്ഞെടുക്കാൻ കാരണമെന്നും അദ്ദേഹം പറയുന്നു. ചിരട്ട കപ്പിനു പുറമേ സ്പൂൺ, ചട്ടുകം, ജഗ്ഗ്, ഭക്ഷണ പാത്രങ്ങളും ഇവിടെ നിർമിക്കുന്നുണ്ട്. സ്പൂണുകൾ ചെറുതും വലുതുമായി 15 തരത്തിൽ ഉണ്ട്. 100 മില്ലി മുതൽ 900 മില്ലി വരെയുള്ള വ്യത്യസ്ത തരം പാത്രങ്ങളും ഇവിടെ ലഭിക്കും.
ചിരട്ടയും തെങ്ങിൻ തടിയും ഉപയോഗിച്ചാണ് ഇവയുടെ നിർമാണം. സ്പൂൺ, ചട്ടുകം എന്നിവയുടെ പിടികൾ നിർമ്മിക്കാനാണ് തെങ്ങിൻ തടി ഉപയോഗിക്കുന്നത്. ചിരട്ടയുടെ കൈപ്പിടി തെങ്ങിൻ തടിയിലും ചിരട്ടയിലും ഒരുക്കാറുണ്ട്. ആവശ്യക്കാർക്ക് ചിരട്ട ഉൽപന്നങ്ങൾ ഡിസൈൻ ചെയ്തു നൽകുന്നുമുണ്ട്.
















Comments