തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ വിധി പ്രസ്താവം ഫുൾ ബെഞ്ചിന് വിട്ടു. ഭിന്നവിധി വന്നതാണ് ഫുൾ ബെഞ്ചിലേക്ക് വിടാൻ കാരണം. ജസ്റ്റിസ് സിറിയക് ജോസഫ്, ഹാറൂൺ അൽ റഷീദ് എന്നിവരായിരുന്നു ഡിവിഷൻ ബെഞ്ചിലുണ്ടായിരുന്നത്. നടപടി സർക്കാരിന് താത്കാലിക ആശ്വാസം നൽകിയിരിക്കുകയാണ്.
നീതി ലഭിക്കാൻ ഏത് അറ്റംവരെയും പോകുമെന്ന് ഹർജിക്കാരൻ ആർ.എസ് ശശികുമാർ പ്രതികരിച്ചു. ഇതിനായി സുപ്രീംകോടതി വരെ പോകാൻ തയ്യാറാണ്. സമ്മർദ്ദം ചെലുത്തി കേസ് വലിച്ചു നീട്ടാനാണ് സർക്കാർ ശ്രമിക്കുന്നത്. അഭിപ്രായ ഭിന്നത വന്നതോടെ ബെഞ്ചിലെ ഒരാൾ തന്റെ വാദങ്ങളെ അനുകൂലിക്കുന്നു എന്നത് വ്യക്തമായി. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറാകണമെന്നും ആർ.എസ് ശശികുമാർ ആവശ്യപ്പെട്ടു.
അന്തരിച്ച മുൻ ചെങ്ങന്നൂർ എംഎൽഎ കെ.കെ രാമചന്ദ്രന്റെയും എൻസിപി നേതാവ് ഉഴവൂർ വിജയന്റെയും കുടുംബങ്ങൾക്കും കോടിയേരി ബാലകൃഷ്ണന്റെ അകമ്പടിവാഹനം അപകടത്തിൽപ്പെട്ടപ്പോൾ മരിച്ച പൊലിസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്നും പണം വകമാറ്റി നൽകിയതിനാണ് കേസ്.
കഴിഞ്ഞ വർഷം മാർച്ചിൽ 18ന് കേസിന്റെ വാദം പൂർത്തിയായെങ്കിലും വിധി പറയാൻ മാറ്റിവെയ്‌ക്കുകയായിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തിനാൽ പരാതിക്കാരനായ ആർ.എസ് ശശികുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് വിധി പറയാൻ ഇന്ന് പരിഗണിച്ചത്.
വിധി മുന്നിൽ കണ്ട് ലോകായുക്ത നിയമം തന്നെ ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. ലോകായുക്തയുടെ അധികാരം കുറയ്‌ക്കുന്ന ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഇതുവരെ ഒപ്പിട്ടില്ല. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് പ്രകാരമുള്ള ഉത്തരവ് എതിരായതിനെ തുടർന്നാണ് കെ.ടി ജലീലിന് മന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നത്.
















Comments