ന്യൂഡൽഹി: ഒളിവിൽ കഴിയുന്ന ഖാലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിംഗ് ഒരിക്കലും പോലീസിൽ കീഴടങ്ങരുതെന്ന് ലോക്‌സഭാ എംപിയും ശിരോമണി അകാലിദൾ അമൃത്സർ തലവനുമായ സിമ്രാൻജിത് സിംഗ് മാൻ. പകരം പാകിസ്താനിലേക്ക് പാലായനം ചെയ്യാൻ സിമ്രാൻജിത് സിംഗ് ആഹ്വാനം ചെയ്തു. അമൃത്പാൽ സിംഗ് കീഴടങ്ങാൻ സാധ്യതയുണ്ടെന്ന സൂചനകൾ പുറത്ത് വന്നതിന് പിന്നാലെയാണ് സിമ്രാൻ ഇത്തരത്തിലെ പ്രസ്താവനയുമായി രംഗത്ത് എത്തിയത്.
ഖാലിസ്ഥാൻ വാദികൾ 1984-ലും പാകിസ്താനിലേക്ക് പാലായനം ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അമൃത് പാലിനോടും പാകിസ്താനിലേക്ക് കടക്കാൻ സിമ്രാൻ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിന്റെ പുതിയൊരു വീഡിയോ പുറത്ത് വിട്ടിരുന്നു. താൻ ഒളിച്ചോടിയിട്ടില്ലെന്നും അത്തരത്തിൽ ഒരാളല്ല താനെന്നുമാണ് അമൃത്പാൽ വീഡിയോയിൽ പറഞ്ഞത്. മർദ്ദിക്കണമെന്ന് തോന്നിയാൽ അത് ചെയ്യാം, പക്ഷേ ആരെയും ഭയക്കുന്നില്ലെന്നുമായിരുന്നു ഇയാളുടെ വാദം. ഇതിന് പിന്നാലെയാണ് സിമ്രാൻജിത് ഇത്തരത്തിലെ പ്രസ്താവിച്ചത്.
അമൃത്പാൽ കീഴടങ്ങുമെന്ന അഭ്യൂഹം പരന്നിരുന്നു. തുടർന്ന് സുവർണ ക്ഷേത്രത്തിൽ അടക്കം സുരക്ഷ വർദ്ധിപ്പിച്ചു. എന്നാൽ ഇതിന് പിന്നാലെയാണ് താൻ പിടികൊടുക്കില്ലായെന്നും രാജ്യംവിട്ട് പോകില്ലായെന്നും അവകാശപ്പെട്ടുകൊണ്ട് അമൃത്പാൽ പുതിയ വീഡിയോ പുറത്തുവിട്ടത്.
Comments