ഇസ്ലാമാബാദ്: പാകിസ്താനിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും പെൺകുട്ടികളെയും യുവതികളെയും തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയതിന്‌റെ കണക്കുകൾ പുറത്ത്. 2022-ലെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെട്ട 124 യുവതികളാണ് തട്ടിക്കൊണ്ടു പോയതിന് പിന്നാലെ മതപരിവർത്തനത്തിന് വിധേയരായതെന്ന് ഹ്യുമൻ റൈറ്റ്‌സ് ഒബ്‌സർവർ 2023 ഫാക്ട് ഷീറ്റിൽ പറയുന്നു. ഇവരെ ഇസ്ലാമിലേക്ക് മതംമാറ്റിയതായും 124 പേരിൽ 81 പേർ ഹിന്ദുക്കളും 42 പേർ ക്രിസ്ത്യാനികളുമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഇതിൽ 23 ശതമാനം പേരും 14 വയസിന് താഴെയുള്ളവരാണ്. 36 ശതമാനം പേരും 14-18 വയസിനിടയിലുള്ളവരാണെന്നും 12 ശതമാനം പേർ മാത്രമാണ് പ്രായപൂർത്തിയായ യുവതികളെന്നുമാണ് കണക്ക്. കൂടാതെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായ 124 പേരിൽ 28 ശതമാനം പെൺകുട്ടികളുടെയും വയസ് രേഖപ്പെടുത്തിയിട്ടില്ല.
മതപരിവർത്തനം റിപ്പോർട്ട് ചെയ്ത കേസുകളിൽ 65 ശതമാനം കേസുകളും സിന്ധ് പ്രവിശ്യയിൽ നിന്നാണ്. 33 ശതമാനം പഞ്ചാബിൽ നിന്നും 0.8 ശതമാനം കേസുകൾ ഖൈബർ പഖ്തൂങ്ക്വാ, ബലൂചിസ്ഥാൻ പ്രവിശ്യകളിൽ നിന്നുള്ളതുമാണ്.
















Comments