റാംപിൽ തിളങ്ങി മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്. ലൂയിസ് വിറ്റൺ വസ്ത്രത്തിലാണ് അദ്ദേഹം റാംപിലൂടെ നടന്നത്. ആത്മവിശ്വാസത്തോടെ റാംപിൽ കുതിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. എന്നാൽ ചിത്രങ്ങൾ യഥാർത്ഥമല്ല എന്നതാണ് വാസ്തവം. മിഡ്ജേർണി ഇമേജ് ജനറേറ്റർ ഉപയോഗിച്ച് എഐ സൃഷ്ടിച്ച ചിത്രങ്ങളാണ് പ്രചരിച്ചത്.
വൈറലായിരിക്കുന്ന ചിത്രങ്ങളിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയോടെയാണ് സക്കർബർഗിനെ കാണുന്നത്. ചിത്രത്തിൽ മഞ്ഞ, പിങ്ക് എന്നീ നിറങ്ങളിലാണ് മെറ്റ സിഇഒ മിന്നി നിൽക്കുന്നത്. എന്നാൽ സക്കർബർഗ് മോഡലിംഗിൽ കരിയർ ആരംഭിക്കുന്നില്ല എന്നതാണ് എടുത്ത് പറയേണ്ട കാര്യം. ഇന്റർനെറ്റിൽ സൃഷ്ടിച്ചെടുത്ത ചിത്രമാണിതെങ്കിലും യഥാർത്ഥ ചിത്രങ്ങളാണെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ലിനസ് എന്ന ട്വിറ്റർ ഉപയോക്താവാണ് സക്കർബർഗിന്റെ എഐ സൃഷ്ടിച്ച ചിത്രങ്ങൾ പങ്കുവെച്ചത്. ഇതിന് പിന്നാലെ ഇത്തരത്തിൽ റിയലിസ്റ്റിക് ചിത്രങ്ങൾ സൃഷ്ടിക്കുന്നതിന് ഉപയോഗിച്ച ടൂളുകളുടെ സൗജന്യ ട്രയലുകൾ കമ്പനി നിർത്തി. പണമടച്ചുള്ള വരിക്കാർക്ക് മാത്രമേ ആക്‌സസ് ലഭിക്കുകയുള്ളു.
















Comments