കോട്ടയം: കേരളത്തിന്റെ സൗന്ദര്യമാസ്വദിച്ച് ജി20 ഷെർപ്പമാർ. കുമരകം കെ.ടി.ഡി.സി. വാട്ടർ സ്‌കേപ്സിൽ നടക്കുന്ന പ്രദർശനം കാണാൻ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഘമെത്തിയത്. കേരള വേഷമണിഞ്ഞായിരുന്നു ഷേർപ്പാമാരുടെ സന്ദർശനം. കയറിൽ തീർത്ത കൗതുകങ്ങളും പ്ലാസ്റ്റിക് കുപ്പികൾ പുനരുപയോഗിച്ചുണ്ടാക്കിയ വസ്ത്രങ്ങളും ഷെർപ്പമാർ ആസ്വദിച്ചു.
പ്ലാസ്റ്റിക് പുനരുപയോഗിച്ച് ഉണ്ടാക്കിയ വസ്ത്രങ്ങൾ കാണാനാണ് സംഘം ആദ്യം പോയത്. തമിഴ്നാട്ടിലെ കരൂരിൽനിന്നുള്ള സ്ഥാപനമാണ് ഈ സ്റ്റാൾ ഒരുക്കിയിരുന്നത്. ആറ് പ്ലാസ്റ്റിക്ക് കുപ്പികൾ ചേർത്ത് ഒരു ടീഷർട്ട് നിർമ്മിക്കാമെന്ന് സംഘാടകർ ഷെർപ്പമാർക്ക് വിശദീകരിച്ചു. വിലക്കുറവും പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നുള്ള രക്ഷപ്പെടലുമാണ് ഇത് കൊണ്ടുള്ള ഗുണങ്ങൾ.
ബോട്ടിൽ ടു ഗാർമെന്റ് എന്നാണ് ഇവരുടെ സന്ദേശം. വെള്ളം ഉപയോഗിക്കാതെയാണ് ഇതിന്റെ പ്രവർത്തനം. പൂർണമായും പ്ലാസ്റ്റിക് പുനരുപയോഗിച്ചുണ്ടാക്കുന്ന ടീഷർട്ടിന് 500 രൂപ മുതലാണ് വില. സ്റ്റാൾ സന്ദർശിച്ച ഷെർപ്പമാർക്ക് കമ്പനി ജാക്കറ്റ് സമ്മാനമായി നൽകി. വലിയ കൗതുകത്തോടെയാണ് സംഘം ഇത് അണിഞ്ഞത്. സംഘത്തിൽ ഇന്ത്യൻ ഷെർപ്പയായ അമിതാഭ് കാന്തും ഉണ്ടായിരുന്നു. പ്ലാസ്റ്റിക് കുപ്പികളിൽനിന്നുണ്ടാക്കിയ ജാക്കറ്റണിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിലെത്തിയത് ശ്രദ്ദേയമായിരുന്നു.
കേരള വനംവകുപ്പിന്റെ സ്റ്റാളിൽ ചന്ദനമുട്ടി, ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധദ്രവ്യഭങ്ങളും അണിനിരന്നിരുന്നു. ഷെർപ്പമാർ ചന്ദനമുട്ടി മണത്തുനോക്കുകയും ഏലം രുചിച്ചുനോക്കുകയും ചെയ്തു. കേരളത്തിന്റെ വന സമ്പത്തുകളെ കുറിച്ചും അവിടെ പ്രദർശിപ്പിച്ചിരുന്ന ആനകളുടെ ചിത്രങ്ങളെക്കുറിച്ചും ഷെർപ്പമാർ ചോദിച്ചറിഞ്ഞു.
















Comments