പാലക്കാട്: മണ്ണാർക്കാട് എംഎൽഎ എൻ. ഷംസുദ്ദീനെതിരെ ഗുരുതര ആരോപണവുമായി പബ്ലിക് പ്രോസിക്യൂട്ടർ രംഗത്ത്. നീണ്ട അഞ്ചുവർഷത്തിനുശേഷം അട്ടപ്പാടി മധു വധക്കേസിൽ ഈ മാസം നാലിന് കോടതി വിധി പറയാനിരിക്കെയാണ് വളരെ ഗൗരവമേറിയ ആരോപണവുമായി പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ രംഗത്തുവന്നത്. കേസിൽ പ്രതികൾ രക്ഷപ്പെടണമെന്നാണ് ഷംസുദ്ദീന് താൽപ്പര്യമെന്ന് രാജേഷ് മേനോൻ തുറന്നടിച്ചു.
ജനപ്രതിനിധി എന്ന നിലയിൽ ഷംസുദ്ദീൻ അട്ടപ്പാടി മധു വധക്കേസിന്റെ ഒരു ഘട്ടത്തിലും കൃത്യമായ ഇടപെടൽ നടത്തിയില്ല. പബ്ലിക് പ്രോസിക്യൂട്ടർക്കോ മധുവിന്റെ കുടുംബത്തിനോ യാതൊരുവിധ പിന്തുണയും ഷംസുദ്ദീൻ നൽകിയില്ല. മധുവിന്റെ കുടുംബം കേസിൽ വലിയ പ്രതിസന്ധികളിൽ അകപ്പെട്ടപ്പോൾ ആ കുടുംബത്തിനോട് ഒരു ആശ്വാസവാക്ക് പോലും പറഞ്ഞില്ല. നിയമസഭയിൽ മധുവിഷയം വന്നപ്പോഴെല്ലാം സ്വന്തം മണ്ഡലത്തിലെ വനവാസി യുവാവാണ് കൊല്ലപ്പെട്ടത് എന്നിരിക്കെ ഷംസുദ്ദീൻ ഒരക്ഷരം മിണ്ടിയില്ലെന്നും രാജേഷ് മേനോൻ വ്യക്തമാക്കി.
2018 ഫെബ്രുവരി 22-നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന മുപ്പതുകാരനായ മധു വീട്ടുകാരിൽ നിന്നകന്ന് കാട്ടിലെ ഗുഹയിലാണ് താമസിച്ചിരുന്നത്. മധുവിനെ കാട്ടിൽ നിന്നു പ്രതികൾ സംഘം ചേർന്ന് പിടികൂടി മുക്കാലിയിലെത്തിച്ചു. ഇവിടെ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് അഗളിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചപ്പോൾ മധു മരിച്ചു.
പ്രതികളുടെ ആക്രമണത്തിലുണ്ടായ പരിക്ക് മൂലമാണ് മധു കൊല്ലപ്പെട്ടതെന്നാണ് പ്രോസിക്യൂഷൻ കേസ്. വനത്തിൽ ആണ്ടിയളച്ചാൽ ഭാഗത്തു മധു ഉണ്ടെന്നു വിവരം ലഭിച്ച പ്രതികൾ കാട്ടിൽ അതിക്രമിച്ചു കയറിയെന്ന് വനംവകുപ്പു കേസും നിലവിലുണ്ട്. 16 പ്രതികളാണ് കേസിൽ ഉള്ളത്. 127 സാക്ഷികളിൽ 24 പേർ വിചാരണയ്‌ക്കിടെ കൂറുമാറിയിരുന്നു. കൂറുമാറിയ സാക്ഷിയെ കണ്ണു പരിശോധനയ്‌ക്ക വിധേയമാക്കിയത് ഉൾപ്പെടെയുള്ള സംഭവങ്ങളും വിചാരണയ്‌ക്കിടെ ഉണ്ടായി.
അതേസമയം രാജ്യമാകെ ചർച്ചയായ അട്ടപ്പാടി മധു വധക്കേസിൽ മണ്ണാർക്കാട് പട്ടികജാതിവർഗ പ്രത്യേക കോടതി ഏപ്രിൽ നാലിനാണ് വിധി പറയുന്നത്. കേസിന്റെ അന്തിമവാദം മാർച്ച് 10-ന് പൂർത്തിയായിരുന്നു. വിപുലമായ കേസാണെന്നതിനാൽ ദീർഘമായി വിധി തയാറാക്കേണ്ടതുണ്ടെന്നും ഇതിനു കൂടുതൽ സമയം ആവശ്യമാണെന്നും മാർച്ച് 30-ന് കേസ് പരിഗണിച്ചപ്പോൾ ജഡ്ജി കെ.എം. രതീഷ്‌കുമാർ അറിയിച്ചു. വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയിൽ എത്തിയിരുന്നു.
















Comments