കോട്ടയം: വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ സർക്കാർ പരസ്യത്തിൽ വൈക്കം എംഎൽഎ സി.കെ ആശയുടെ പേര് ഉൾപ്പെടുത്താത്തതിനെതിരെ സിപിഐ. ദളിത് സ്ത്രീ ആയതിനാലാണ് എംഎൽഎയുടെ പേര് പരസ്യത്തിൽ ഉൾപ്പെടുത്താത്തത് എന്നാണ് സിപിഐ പ്രവർത്തകരുടെ ആരോപണം. പാർട്ടിക്കുള്ളിൽ ജാതിയും സവർണ്ണ ബോധവും നിലനിൽക്കുന്നുവെന്നും അയിത്തം ഇന്നും വിട്ടുമാറിയിട്ടില്ലെന്നും ആരോപണം ശക്തമാണ്. സർക്കാർ നടപടിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ സിപിഐ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി.
പിണറായി വിജയൻ, എം.കെ സ്റ്റാലിൻ, സജി ചെറിയാൻ, വി.എൻ വാസവൻ, വി.പി ജോയ് എന്നിവരുടെ പേരാണ് വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ഥലം എംഎൽഎയുടെ അദ്ധ്യക്ഷതയിലായിരുന്നു സമ്മേളനം നടക്കേണ്ടത്. എന്നാൽ ദളിത് സമുദായത്തിന്റെ പ്രതിനിധിയായതിനാലാണ് സി.കെ ആശയുടെ പേര് ഉൾപ്പെടുത്താത്തതെന്നും സിപിഐ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
ഇന്നും അയിത്തം നിലനിൽക്കുന്നു എന്നതിന്റെ ഉദാഹരണമാണ് പുലയ സമുദായംഗമായ സി.കെ ആശയുടെ പേര് ഒഴിവാക്കിയതിലൂടെ വെളിപ്പെടുന്നത് എന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ സിപിഐ പ്രവർത്തകർ ആരോപിക്കുന്നു. ദളിതരെയും സ്ത്രീകളെയും അകറ്റി നിറുത്തുക എന്നതാണ് പിണറായി സർക്കാരിന്റെ നയമെന്നുമാണ് വിമർശനം. അതേസമയം, ദേശാഭിമാനി പത്രത്തിന്റെ മുൻ പേജിൽ ഉൾപ്പെടുത്തിയ വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയവരുടെ ചിത്രങ്ങളിൽ നിന്നും മന്നത്ത് പത്മനാഭനെ ഒഴിവാക്കിയതിനെതിരെയും വിമർശനം ഉയരുന്നുണ്ട്.
Leave a Comment