കൊച്ചി : തെന്നിന്ത്യയുടെ ഇഷ്ട നായികമാരിൽ ഒരാളാണ് സാമന്ത. നടിയുടെ പുതിയ ചിത്രം ‘ശാകുന്തളം’ത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിന്‍റെ പ്രചാരണത്തിനായി കഴിഞ്ഞ ദിവസം സാമന്ത കേരളത്തിലും എത്തിയിരുന്നു. കൊച്ചിയില്‍ സാമന്ത മാദ്ധ്യമങ്ങളുമായി ചർച്ച നടത്തുന്നതിനിടെ ഉയർന്ന ചോദ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ദിലീപ് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നോ എന്ന ചോദ്യത്തിന് അത്തരത്തിൽ ഒഴിവാക്കിയതായി ഓർക്കുന്നില്ലെന്നാണ് നടി സാമന്ത പറഞ്ഞത്.
അന്ന് ദിലീപ് ചിത്രത്തിന്റെ സ്‌ക്രീന്‍ ടെസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്, ഇന്ന് ശാകുന്തളത്തിന്റെ പ്രൊമോഷനായി കേരളത്തില്‍ നില്‍ക്കുന്നു, പിറകിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ എന്ത് തോന്നുന്നു എന്ന ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി.
കരിയറിന്റ തുടക്കകാലത്ത് ഒരുപാട് ഓഡിഷനുകളിൽ നിന്നും റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതൊക്കെ മറന്നുപോയി. എന്നാൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുള്ളതായി ഓർക്കുന്നുണ്ട്- എന്നാണ് സാമന്ത മറുപടി പറഞ്ഞത്.
നെരത്തെ കഥാപാത്രത്തിന് ഇണങ്ങാത്തതിനാൽ തന്‍റെ സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു നടി ഏറെ കരഞ്ഞിരുന്നതായി ഒരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞിരുന്നു. ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടിയായി മാറുമെന്ന് പറഞ്ഞാണ് അവരെ ആശ്വസിപ്പിച്ച് അയച്ചതെന്നും പിന്നീട് അവര്‍ അതുതന്നെയായി മാറിയെന്നും ദിലീപ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അതേസമയം ഇത് സംബന്ധിച്ച് ക്രൈസി ഗോപാലന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ദീപു കരുണാകരൻ വെളിപ്പെടുത്തൽ നടത്തി. അന്ന് ഓഡിഷന്‍ നടത്തി എടുക്കാതിരുന്ന നടി സാമന്ത ആയിരുന്നെന്ന് ഒരു അഭിമുഖത്തിൽ സംവിധായകന്‍ വ്യക്തമാക്കി. നല്ല പ്രകടനമായിരുന്നു. പക്ഷെ ആ സിനിമയിൽ അൽപം ഉയരമുള്ള ആളെ ആയിരുന്നു വേണ്ടത്. അങ്ങനെ ആ കുട്ടി തിരിച്ചു പോവുകയായിരുന്നു. അത് സാമന്ത ആയിരുന്നു എന്നാണ് ദീപു അഭിമുഖത്തിൽ പറഞ്ഞത്.
അതേസമയം മലയാളത്തിൽ അർഹമായ അവസരം വന്നാൽ അഭിനയിക്കുമെന്നാണ് നടി സാമന്ത പറഞ്ഞത്. കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രം ശാകുന്തളത്തിൽ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖറാണ് സംവിധായകൻ. ഏപ്രിൽ 14 നാണ് സിനിമ തിയേറ്ററുകളിൽ എത്തുക.
















Comments