വേഗതയിൽ റെക്കോർഡിട്ട് വന്ദേ ഭാരത് എക്‌സ്പ്രസ്. ഭോപ്പാൽ-ന്യൂഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസ് മണിക്കൂറിൽ 161 കിലോമീറ്റർ വേഗത കൈവരിച്ചാണ് റെക്കോർട്ടിത്. പ്രതീക്ഷിച്ചിരുന്ന 160 കിലോമീറ്റർ പരിധി ലംഘിച്ചതായി അധികൃതർ വ്യക്തമാക്കി. ഭോപ്പാലിനും ന്യൂഡൽഹിയ്‌ക്കും ഇടയിലുള്ള യാത്രസമയം ഒരു മണിക്കൂറിന്റെ വ്യത്യാസം വന്നതായും അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ പതിനൊന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസാണ് ഇത്. ആഗ്ര രാജാ കീ മണ്ടിയ്‌ക്കും മധുരയ്‌ക്കും ഇടയിലുള്ള ചെറിയ ദൂരം സെമി ഹൈസ്പീഡ് ട്രെയിന് സഞ്ചരിയ്‌ക്കാൻ ഉതകുന്ന തരത്തിൽ നവീകരിച്ചിരുന്നു. ഈ മേഖലയിലാണ് വന്ദേ ഭാരതിന്റെ മിന്നും പ്രകടനം. ആഗ്ര കന്റോൺമെന്റിനും തുഗ്ലക്കാബാദിനും ഇടയിലുള്ള ഭാഗത്ത് വന്ദേ ഭാരത് എക്‌സ്പ്രസിന് പരമാവധി വേഗം ആർജിക്കാൻ സാധിക്കുമെന്ന് മുൻപ് റെയിൽവേ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ റൂട്ടിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ കൂടിയാണിത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ സെമി സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് നിർമ്മിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം – കണ്ണൂർ പാതയിൽ വൈകാതെ വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങുമെന്ന് റിപ്പോർട്ടുകളുണ്ട്. ദീർഘദൂര സർവീസുകൾക്കും റെയിൽവേ പദ്ധതിയിടുന്നുണ്ട്. റഷ്യൻ കമ്പനിയായി ട്രാൻസ്മാഷ്‌ഹോൾഡിംഗും പൊതുമേഖലാ സ്ഥാപനമായ ആർവിഎൻഎല്ലും അടങ്ങുന്ന കൺസോർഷ്യത്തിന് 120 സ്ലീപ്പർ ട്രെയിനുകൾ നിർമിക്കാൻ കരാർ നൽകിയിട്ടുണ്ട്. ഇതോടെ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സ്ലീപ്പർ പതിപ്പ് പുറത്തിറങ്ങും.
Comments