പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയ സംവിധായകനായി മാറിയ ആളാണ് അൽഫോൺസ് പുത്രൻ. എന്നാൽ കുറച്ചു നാളുകളായി ഏറ്റവും കൂടുതൽ ട്രോളുകളും വിമർശനങ്ങളും നേരിടുന്ന സംവിധായകനുമാണ് അദ്ദേഹം. പൃത്ഥ്വിരാജിനെ നായകനാക്കി പുറത്തിറക്കിയ ഗോൾഡ് എന്ന സിനിമയാണ് അൽഫോൺസ് പുത്രനെ വിമർശനങ്ങളുടെ കൊടുമുടിയിൽ എത്തിച്ചത്. മലയാളികളുടെ അതിരു കവിഞ്ഞ ട്രോളുകളോടും വിമർശനങ്ങളോടും താരം തന്റെ പ്രതിഷേധവും അറിയിച്ചിരുന്നു. ഇപ്പോഴിതാ, പുതിയ തമിഴ് ചിത്രത്തിന്റെ ഓഡിഷൻ കേരളത്തിൽ ഉണ്ടാകുമോ എന്ന് ചോദിച്ച ആരാധകന് അൽഫോൻസ് പുത്രൻ നൽകിയ മറുപടിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നേരം, പ്രേമം, ഗോൾഡ് എന്നിവയോട് കേരളത്തിലുള്ള ചിലർ മോശമായി പ്രതികരിച്ചുവെന്ന് അൽഫോൻസ് കുറ്റപ്പെടുത്തി. ഇനി തനിക്ക് തോന്നുമ്പോൾ കേരളത്തിൽ വരുമെന്നും താൻ ദുബായിലാണെന്ന് വിചാരിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
‘കേരളത്തിൽ ഓഡീഷന് അവസരമുണ്ടാകുമോ’ എന്ന ചോദ്യത്തിന് അൽഫോൺസ് പുത്രന്റെ മറുപടി,
‘എന്നിട്ട് എന്തിനാ? നേരം ചെയ്‌തപ്പൊ പുച്ഛം. പ്രേമത്തിന്റെ ടൈറ്റിൽ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തി പൂവിലാണ്. നിങ്ങൾ കണ്ടത് ചെമ്പരത്തി പൂ മാത്രമാണ്. ഗോൾഡാണെങ്കിൽ മോശം പടവും. എന്നിട്ടും ഞാൻ ഇനി കേരളത്തിൽ വരാൻ… കേരളം എന്റെ കാമുകിയും, ഞാൻ കേരളത്തിന്റെ കാമുകനും അല്ല. നന്ദിയുണ്ട്, ജീവനോടെ വിട്ടതിൽ സന്തോഷം. ഇനി എനിക്ക് തോന്നുമ്പോൾ കേരളത്തിൽ വരും. ഞാനും ഒരു മലയാളി ആണല്ലോ. ഞാൻ ദുബായിലാണ് എന്ന് വിചാരിച്ചാൽ മതി’.
‘പുത്രൻ പിണങ്ങരുത്. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തുറന്നുപറയാൻ നട്ടെല്ലുള്ളവരാണ് മലയാളികൾ’ എന്ന് പ്രതികരിച്ച പ്രേക്ഷകനും അൽഫോൺസ് മറുപടി നൽകി.
‘സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ നട്ടെല്ലുണ്ട്. നട്ടെല്ല് ഞാൻ ഗോൾഡിന്റെ റിലീസ് സമയത്ത് കണ്ടിരുന്നു. എന്റെ സിനിമ കൊള്ളില്ലെന്ന് പറയാൻ കാണിക്കുന്ന ഉത്സാഹം ഇല്ലേ? അതു ബാക്കിയുള്ള തൊഴിൽ മേഖലയിലും കാണിക്കണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്. പ്രേമം മോശം ആയതുകൊണ്ട് എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി അല്ലല്ലോ ബ്രോ പടം കണ്ടത്. ഗോൾഡ് ഇഷ്ടപ്പട്ടവരു മൊത്തം പൊട്ടന്മാരാണെന്നാണോ പറഞ്ഞു വരുന്നത്’ എന്നാണ് അൽഫോൻസ് പ്രതികരിച്ചത്.
Comments