ന്യൂഡൽഹി: രാഹുലിനെ വിമർശിച്ച് കേന്ദ്ര നിയമന്ത്രി കിരൺ റിജിജു. മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് മജിസ്‌ട്രേട്ട് കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകുന്നതിന് നേരിട്ട് ഹാജരാകുന്ന രാഹുലിന്റെ നീക്കത്തെയാണ് കിരൺ റിജിജു വിമർശിച്ച് രംഗത്തുവന്നത്. ‘കേസിൽ അപ്പീൽ നൽകാൻ കുറ്റക്കാരൻ നേരിട്ട് കോടതിയിൽ പോകേണ്ട ആവശ്യമില്ല. നേതാവിനും സഹായികൾക്കുമൊപ്പം പോകുന്നത് അപക്വമായ സമീപനമാണ്. ഇത് വെറും നാടകമാണ്. കോടതി ഇത്തരം തന്ത്രങ്ങളിൽ വീണുപോകില്ല’- അദ്ദേഹം പരിഹസിച്ചു.
കേസിലെ ശിക്ഷാവിധിക്കെതിരെ രാഹുൽ ഇന്ന് സൂററ്റ് സെഷൻസ് കോടതിയിൽ അപ്പീൽ നൽകുമ്പോഴാണ് കേന്ദ്രമന്ത്രി പ്രതികരിച്ചത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലാണ് മോദി സമുദായത്തെ രാഹുൽ ഗാന്ധി അപമാനിച്ചത്. എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി സമുദായത്തിൽ നിന്നു വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമർശം. 2019 ഏപ്രിൽ 13-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുകൊണ്ട് രാഹുൽ ഗാന്ധി മോദി സമുദായത്ത അപമാനിച്ചത്. ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയിൽ കേസ് നൽകിയത്.
അപകീർത്തിക്കേസിൽ കോടതി രാഹുലിനെ രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചു. പിന്നാക്ക വിഭാഗമായ മോദി സമുദായത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനാണ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം ശിക്ഷവിധിച്ചത്. ഗുജറാത്തിലേ സൂറത്ത് കോടതിയുടേതായിരുന്നു വിധി. വാക്കാലോ രേഖാമൂലമോയുള്ള അപകീർത്തിപ്പെടുത്തൽ നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഐപിസി 499, 500 വകുപ്പുകൾ പ്രകാരമാണ് വിധി. ഇതേത്തുടർന്ന് മാർച്ച് 25-ന് രാഹുലിനെ ലോക്‌സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കുകയും ചെയ്തിരുന്നു. കൂടാതെ ഔദ്യോഗിക വീട് ഒഴിയാനും നോട്ടീസ് നൽകി.
















Comments