ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ജനിച്ച ചീറ്റപ്പുലി കുഞ്ഞുങ്ങൾക്ക് പേരുകൾ നിർദേശിക്കാൻ അവസരം. നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റകളിൽ ഒന്ന് കഴിഞ്ഞ ദിവസമായിരുന്നു പ്രസവിച്ചത്. ഇവയ്‌ക്ക് പേരുനിർദേശിക്കാനുള്ള അവസരം പൊതുജനങ്ങൾക്ക് നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ.
ഇതിനായി www.mygov.in എന്ന വെബ്‌സൈറ്റിൽ കയറേണ്ടതാണ്. ശേഷം മാനദണ്ഡങ്ങൾക്കനുസൃതമായി ഇഷ്ടമുള്ള പേരുകൾ ലോഗിൻ ചെയ്ത് നിർദേശിക്കാം. ഏപ്രിൽ 30 ആണ് പേരുകൾ നിർദേശിക്കുന്നതിനുള്ള അവസാന തീയതി. പേരുകൾ നിർദേശിക്കാൻ താത്പര്യപ്പെടുന്നവർ വെബ്‌സൈറ്റ് മുഖേന സ്വന്തമായി ഒരു ഐഡി ക്രിയേറ്റ് ചെയ്ത് അതുവഴിയാണ് നൽകേണ്ടത്. ഇതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിബന്ധനകളും സൈറ്റിൽ പരാമർശിച്ചിട്ടുണ്ട്.
ആകെ 20 ചീറ്റപുലികളെയാണ് കുനോ ദേശീയോദ്യാനത്തിലേക്ക് എത്തിച്ചിരുന്നത്. ഇതിൽ എട്ടെണ്ണം നമീബിയയിൽ നിന്നും 12 എണ്ണം ദക്ഷിണാഫ്രിക്കയിൽ നിന്നുമായിരുന്നു. വൃക്ക തകരാറിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സാഷ എന്ന ചീറ്റപുലി ചത്തിരുന്നു. ഇത് സംഭവിച്ച് മൂന്ന് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് പുലിക്കുട്ടികൾ ജനിച്ചത്. സിയായ എന്ന ചീറ്റയായിരുന്നു നാല് കുട്ടികൾക്ക് ജന്മം നൽകിയത്.
കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് ഈ വിവരം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിൽ അതീവ സന്തോഷവും രേഖപ്പെടുത്തിയിരുന്നു. 2022 സെപ്റ്റംബറിലായിരുന്നു ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത്. 70 വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ ചീറ്റപ്പുലിക്കുട്ടികൾ ജനിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 1952ൽ ഇന്ത്യയിൽ നിന്നും നാമാവശേഷമായ ചീറ്റകളെ വീണ്ടും തിരികെയെത്തിച്ചത് പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു.
Comments