ശ്രീനഗർ : ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ നിന്നുള്ള ലോകപ്രശ്സതമായ ബസോഹ്ലി പെയ്ന്റിംഗിന് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) ടാഗ് ലഭിച്ചു. നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിന്റെ അംഗീകാരത്തോടെയാണ് (നബാർഡ്) ജിഐ ടാഗ് ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ചരിത്രത്തിലാദ്യമായാണ് ജമ്മു മേഖലയിലെ കരകൗശല വസ്തുക്കൾ ജിഐ രജിസ്ട്രേഷൻ നേടുന്നത്.
കശ്മീരിൽ നിന്നുള്ള 9 ഉത്പന്നങ്ങൾക്ക് ജിഐ ടാഗ് ലഭിച്ചിട്ടുണ്ട്. ഒരു നിശ്ചിത മേഖലയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ അടങ്ങിയ ഉത്പന്നങ്ങൾക്ക് മാത്രം ലഭിക്കുന്ന തിരിച്ചറിയൽ ടാഗാണ് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) എന്ന് പറയുന്നത്. അംഗീകൃത ടാഗ് ലഭിക്കുന്നതോടെ ഉത്പ്പന്നത്തിന് കോപ്പിറൈറ്റ് ലഭിച്ചതിന് തുല്യമായ സ്ഥാനം ലഭിക്കും.
ജിഐ ടാഗ് ലഭിച്ച വസ്തുക്കളുടെ കയറ്റുമതി വർദ്ധിപ്പിക്കുകയും അന്തരാഷ്ട്ര തലത്തിൽ അവരുടെ ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നതാണ് പ്രത്യേകത. ഇതുവഴി രാജ്യത്തിന്റെ ജിഡിപി ഉയരുകയും ചെയ്യും. കശ്മീരിലെ ഉത്പന്നങ്ങൾ അടക്കം 2022-23 സാമ്പത്തിക വർഷത്തിൽ 33 കരകൗശല വസ്തുക്കൾക്ക് ഇന്ത്യയിൽ ജിഐ ടാഗ് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര വ്യവസായ മന്ത്രി പീയുഷ് ഗോയൽ ട്വീറ്റ് ചെയ്തിരുന്നു.
Comments