ന്യൂഡൽഹി : അയോദ്ധ്യ ദർശനത്തിനായി ഹെലികോപ്റ്റർ സംവിധാനം ഒരുക്കി ഉത്തർപ്രദേശ് സർക്കാർ. രാമനവമിയോടനുബന്ധിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങളും സരയു നദിയും ഭക്തർക്ക് വിമാനയാത്രയിലൂടെ കാണാൻ കഴിയും. ഉത്തർപ്രദേശിൽ തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യംവെയ്‌ക്കുന്നത്.
ആദ്യഘട്ടത്തിൽ 15 ദിവസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. സരയുനദിയും അയോദ്ധ്യനിർമ്മാണ പ്രവർത്തനങ്ങളും ഭക്തർക്ക് വിമാന യാത്രയിലൂടെ നയനാനുഭവമായി മാറും. ഒരാൾക്ക് 3000 രൂപയാണ് യാത്ര നിരക്ക്. അയോദ്ധ്യയിലെ സരയുഗസ്റ്റ് ഹൗസിൽ നിന്നാണ് വിമാനം പുറപ്പെടുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയോദ്ധ്യ നഗരം സന്ദർശിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. നിലവിൽ ഗോവർദ്ധനയിലും അയോദ്ധ്യയിലും ആണ് പദ്ധതി നടപ്പിലാക്കിയത്. പ്രയാഗ് രാജിലും വിമാന സർവീസ് ഉടനെ ആരംഭിക്കും. ഉത്തർ പ്രദേശിലെ മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുമെന്നും കൂടുതൽ വിമാനങ്ങൾ സർവീസിനായി സജ്ജീകരിക്കുമെന്നും ഉത്തർപ്രദേശ് ടൂറിസം മന്ത്രി ജയ്വീർ സിംഗ് പറഞ്ഞു.
















Comments