ലക്‌നൗ : ഝാൻസിയിലെ വിരംഗന ലക്ഷ്മിഭായി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ യുവതി കുഞ്ഞിന് ജന്മം നൽകി. കഴിഞ്ഞ ദിവസം രാത്രി ഗർഭിണിയായ യുവതിയും ഭർത്താവും ഡൽഹിയിൽ നിന്ന് ദാമോയിലേക്ക് പോകുന്നതിനായി റെയിൽവേ സ്‌റ്റേഷനിലെത്തിയതായിരുന്നു. പ്ലാറ്റ്‌ഫോമിൽ വെച്ച് യുവതിയ്‌ക്ക് പ്രസവ വേദന അനുഭവപ്പെടാൻ തുടങ്ങിയെങ്കിലും സഹയാത്രികർ സഹായിക്കാൻ തയ്യാറായിരുന്നില്ല.
ജ്യൂസ് വിൽപ്പനക്കാരനായ തൻവീറിന്റെ ശ്രദ്ധയിൽ ഇക്കാര്യം പെട്ടതോടെ കാര്യം തിരക്കി. തുടർന്ന് ഉടൻ തന്നെ ദമ്പതികളുടെ ടിക്കറ്റിൽ നിന്ന് പ്രിന്റ് ചെയ്തിരിക്കുന്ന പിഎൻആർ നമ്പർ നൽകി റെയിൽവേയുടെ സഹായത്തിനായി ട്വീറ്റ് ചെയ്തു. 20 മിനിറ്റിനുള്ളിൽ ഡോക്ടർമാരുടെ ഒരു സംഘം സംഭവസ്ഥലത്തെത്തി യുവതിയ്‌ക്ക് അടിയന്തിര വൈദ്യ സഹായം നൽകി. അധികം വൈകാതെ തന്നെ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
പ്രസവസമയത്ത് പുതപ്പുകൾ കൊണ്ട് മറച്ചായിരുന്നു പരിചരണം നൽകിയിരുന്നത്. അമ്മയെയും കുഞ്ഞിനെയും റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും സുഖമായിരിക്കുന്നു. തൻവീറിന്റെ സമയോചിത ഇടപെടലിനും ദമ്പതികൾ നന്ദി അറിയിച്ചു.
Comments