പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷാ വിധി പ്രഖ്യാപിച്ച് കോടതി. ഒന്നാം പ്രതി ഹുസൈന് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2,3,5,6,7,8,9,10,12,13,14,15 പ്രതികൾക്ക് വിവിധ വകുപ്പുകളിലായി ഏഴ് വർഷം തടവും 1.05 ലക്ഷം പിഴയും . പതിനാറാം പ്രതിയ്‌ക്ക് മൂന്ന് മാസം തടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ നേരത്തെ അനുഭവിച്ചതിനാൽ 500 പിഴയടച്ചാൽ കേസിൽ നിന്ന് മുക്തനാകാം. മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതിയുടേതാണ് വിധി.
മനഃപൂർവ്വമല്ലാത്ത നരഹത്യ, അന്യായമായി സംഘം ചേരൽ, മർദ്ദനം തുടങ്ങിയവയ്‌ക്ക് പുറമേ പട്ടികജാതി-വർഗക്കാർക്കെതിരെ അതിക്രമം തടയൽ നിയമത്തിലെ വകുപ്പ് അനുസരിച്ചും പ്രതികൾ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. കൊലക്കുറ്റം തെളിയ്‌ക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. കൊലപാതക കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടും രണ്ട് പേരെ വിട്ടയച്ചതിനെയും അപ്പീൽ നൽകണമെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പറഞ്ഞു.
ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു വിചാരണ പൂർത്തിയാക്കിയത്. 127 സാക്ഷികളിൽ 24 പേർ കൂറുമാറിയിരുന്നു. കൊലപാതകം നടന്ന് ഒന്നര വർഷത്തിന് ശേഷം മധുവിന്റെ അമ്മയുടെ പരാതിയെ തുടർന്നാണ് പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിച്ചത്. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആദ്യ പ്രോസിക്യൂട്ടർ സ്ഥാനം ഒഴിയുകയായിരുന്നു. നാലാമത്തെ പ്രോസിക്യൂട്ടറായ രാജേഷ് എം. മേനോന്റെ നേതൃത്വത്തിലാണ് വിചാരണ പൂർത്തിയായത്.
Comments