അഭിനയവും സംഗീതവും കൊണ്ട് മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരി കൂടിയാണ് അഭിരാമി. ഇപ്പോഴിതാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ കുറിച്ച് അഭിരാമി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്.
‘ബാല ചേട്ടൻ ആശുപത്രിയിൽ ആണെന്ന് അറിഞ്ഞ സമയത്ത് തന്നെ ഞങ്ങൾ അവിടെ എത്തിയിരുന്നു. ചേച്ചി അന്ന് പുലർച്ചെ ദുബായിൽ നിന്നും വന്നിട്ടെ ഉണ്ടായിരുന്നുള്ളൂ. ചേച്ചിയും പാപ്പുവും ചേട്ടനെ അകത്ത് കയറി കണ്ടു. കുറേ നേരം ബാല ചേട്ടനോട് സംസാരിച്ചു. കൊച്ചിനെയും കൊണ്ട് ആശുപത്രിയിൽ നിൽക്കണ്ട എന്ന് ഡോക്ടർ പറഞ്ഞത് കൊണ്ടാണ് പാപ്പുവിനെ തിരികെ കൊണ്ടുപോയത്. ചേച്ചിയും അമ്മയും ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നു. ആർക്കും ഒരു പ്രശ്‌നവും ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടുള്ള ആളുകളല്ല ഞങ്ങൾ. ബാല ചേട്ടൻ പെട്ടെന്ന് സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നവരിൽ ഞങ്ങളും ഉണ്ട്. എലിസബത്ത് ചേച്ചിയോടൊപ്പം ഉള്ള ബാല ചേട്ടന്റെ പുതിയ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അദ്ദേഹം തിരിച്ചു വരിക തന്നെ ചെയ്യും. പുള്ളി ഇനിയും അഭിനയിക്കണം. അതിനുള്ള ആരോഗ്യം ദൈവം കൊടുക്കട്ടെ’- എന്നാണ് അഭിരാമി പറഞ്ഞത്.
ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അഭിരാമിയുടെ പ്രതികരണം. മാർച്ച് 7-നാണ് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാലയെ അമൃത സുരേഷും മകൾ അവന്തികയും കാണാൻ എത്തിയത്. ‘ബാല ചേട്ടന്റെ അടുത്ത് ഞങ്ങൾ കുടുംബസമേതം എത്തി .. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്.. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .. നിലവിൽ വേറെ പ്രശ്‌നങ്ങളൊന്നുമില്ല .. Kindly don’t spread fake news at this hour’ – എന്നാണ് അന്ന് അഭിരാമി സമൂഹമാദ്ധ്യത്തിൽ കുറിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു.
അതേസമയം സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ അഭിരാമി ഇപ്പോൾ വ്‌ളോഗിങ്ങിലും ശ്രദ്ധേയയാണ്. അഭിരാമി പങ്കുവയ്‌ക്കുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കും നിരവധിപ്പേരാണ് പ്രതികരിക്കുന്നത്. എന്നാൽ മിക്കപ്പോഴും സൈബർ ആക്രമണങ്ങൾക്കും അഭിരാമി ഇരയാകാറുണ്ട്. ഇത്തരം ആക്രമണങ്ങൾക്കെതിരെ ശക്തമായി തന്നെ അഭിരാമി പ്രതികരിക്കുകയും ചെയ്യും.
Comments