ഇതിഹാസ കാവ്യം രാമായണത്തെ ബിഗ് സ്ക്രീനിൽ എത്തിക്കുന്ന സിനിമയാണ് പ്രഭാസ് നായകനാകുന്ന ആദിപുരുഷ്. ദേശീയ പുരസ്കാരം നേടിയ ‘താനാജി‘ ഒരുക്കിയ ഓം റൗത്താണ് ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടീസർ ശ്രദ്ധ നേടിയിരുന്നു. ജൂണ്‍ 16-നാണ് സിനിമ റിലീസ് ചെയ്യുക. ഇപ്പോഴിതാ, രാജ്യം ഹനുമാൻ ജയന്തി ആഘോഷിക്കുമ്പോൾ ചിത്രത്തിന്റെ മറ്റൊരു പോസ്റ്റർ കൂടി പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഹനുമാൻ സ്വാമിയായി വേഷമിടുന്ന ദേവദത്ത നാഗേയുടെ പുതിയ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്റർ നിമിഷ നേരം കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

‘രാമന്റെ ഭക്തനും രാമ കഥയുടെ ആത്മാവും. ഹനുമാൻ ഭഗവാന് സ്തുതി. ജയ് പവനപുത്ര ഹനുമാൻ’ എന്ന് കുറിച്ചു കൊണ്ടാണ് ദേവദത്ത നാഗേയുടെ ക്യാരക്ടർ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. നേരത്തെ, രാമനവമിയോടനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്ററും വൈറലായിരുന്നു. ഭഗവാൻ രാമനും സീതയും ലക്ഷ്മണനും ഹനുമാനും ഉൾപ്പെട്ട ഒരു പോസ്റ്ററാണ് രാമനവമി ദിനത്തിൽ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നത്.

സിനിമയിൽ രാമനായി പ്രഭാസ് വേഷമിടുമ്പോൾ സീതയായി എത്തുന്നത് കൃതി സനോളാണ്. രാവണന്റെ വേഷം ചെയ്യുന്നത് ബോളിവുഡ് താരം സൈഫ് അലി ഖാൻ ആണ്. ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം വിഎഫ് എക്സിന് വലിയ പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
















Comments