തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി എൻസിഇആർടിയുടെ 12–ാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ടതടക്കമുള്ള ഭാഗങ്ങൾ നീക്കം ചെയ്തത് പ്രതിഷേധമാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഗൾ സാമ്രാജ്യത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ മധ്യകാല ചരിത്രപഠനം അപൂർണ്ണമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ വിദ്യാഭ്യാസത്തെ അട്ടിമറിക്കുന്ന നടപടികളാണ് എൻസിഇആർടിയുടെ ഭാഗത്തും നിന്നും ഉണ്ടായത് എന്നാണ് മുഖ്യമന്ത്രി അവകാശവാദം.
എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും രാഷ്‌ട്രീയ ലാക്കോടെ ഏതാനും അദ്ധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ തീരുമാനം ചരിത്രനിഷേധം മാത്രമല്ല പ്രതിഷേധാർഹവുമാണ്. പാഠപുസ്തകങ്ങളിൽ നിന്നും തങ്ങൾക്ക് അഹിതകരമായവ വെട്ടിമാറ്റിയതുകൊണ്ട് ചരിത്ര വസ്തുതകളെ തിരസ്കരിക്കാനാവില്ല. പാഠപുസ്തകങ്ങളുടെ പരിപൂർണമായ കാവിവൽക്കരണമാണ് ഇത്തരം നടപടികളിലൂടെ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിൽ നിന്ന് ഗാന്ധി വധവും തുടർന്നുണ്ടായ ആർഎസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഒഴിവാക്കിയത് ആരുടെ താല്പര്യ പ്രകാരമാണെന്ന് വ്യക്തമാണ്. ഇതേ ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യത്തെയും പറിച്ചു മാറ്റിയിരിക്കുന്നു. മുഗൾ സാമ്രാജ്യത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ മധ്യകാല ചരിത്രപഠനം അപൂർണ്ണമാണ്.
മധ്യകാല ഇന്ത്യൻ ചരിത്രം എക്കാലത്തും സംഘപരിവാർ വളച്ചൊടിക്കലുകളുടെ മേഖലയാണ്. ഈ പാഠഭാഗം ഒഴിവാക്കുക വഴി സംഘപരിവാർ നിർമ്മിത വ്യാജ ചരിത്രത്തെ വെള്ളപൂശുക കൂടിയാണ് എൻസിഇആർടി ചെയ്യുന്നത്. ചരിത്രസത്യങ്ങളെ മാറ്റിയോ മറിച്ചോ കാവി പുതപ്പിച്ചാൽ ചരിത്രം ചരിത്രമല്ലാതായി മാറില്ല. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്‌ട്രീയത്തെ പാഠപുസ്തകങ്ങൾ വഴി കുരുന്നുമനസ്സുകളിലേക്ക് ഒളിച്ചുകടത്താനാണ് സംഘപരിവാർ ചരിത്രത്തിന്റെ കാവി വൽക്കരണത്തിലൂടെ ശ്രമിക്കുന്നത്. ആർഎസ്എസിന്റെ വികലമായ ചരിത്ര രചനാ രീതിശാസ്ത്രത്തിന് അനുകൂലമായ നിലപാടുകളാണ് എൻസിഇആർടി കൈക്കൊള്ളുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ വിദ്യാഭ്യാസത്തെ അട്ടിമറിക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്- എന്നാണ് മുഖ്യമന്ത്രി ഫേയ്സ്ബുക്കിൽ കുറിച്ചത്.
















Comments