ഗുരുഗ്രാം : ഹനുമാൻ ജയന്തി ദിനത്തിൽ ഹനുമാൻ ചാലിസ പാരായണം ചെയ്ത് ഒരു കൂട്ടം യുവാക്കൾ. കഴിഞ്ഞ ദിവസം ഗുരുഗ്രാമിലെ ഒരു കഫേയ്‌ക്ക് പുറത്തായിരുന്നു യുവാക്കളുടെ ഹനുമാൻ ചാലിസ. ഹനുമാൻ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. അതേസമയം, കഫേയ്‌ക്ക് മുന്നിൽ യുവാക്കൾ നടത്തിയ ഹനുമാൻ ചാലിസ സമൂഹമാദ്ധ്യമങ്ങളിൽ വെെറലാകുകയാണ്. എല്ലാ ചൊവ്വാഴ്ചയും ഇവർ ഹനുമാൻ ചാലിസ കഫേയ്‌ക്ക് മുന്നിൽ ജപിക്കാറുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കേസരിയുടെയും അഞ്ജനയുടെയും മകനായി ചൈത്രമാസത്തിലെ ഒരു പൗർണ്ണമി ദിനത്തിലാണ് ഹനുമാൻ ജനിച്ചത്. അതിനാലാണ് ശ്രീരാമ ഭക്തനായ ഹനുമാനെ ആരാധിക്കാൻ ഭക്തർ ഈ ദിവസം തിരഞ്ഞെടുക്കുന്നത്. ഹനുമാനോടുള്ള നിറഞ്ഞ ഭക്തിയോടെ ചാലിസ ജപിക്കുന്നവർക്ക് ഭഗവാന്റെ കൃപയും ശക്തിയും നേടുമെന്ന് പറയപ്പെടുന്നു. അതിനാൽ ലോകമെമ്പാടുമുള്ള ഭക്തർ ഈ ദിവസം വ്രതമനുഷ്‌ഠിക്കുകയും, പൂജകൾ അർപ്പിക്കുകയും ചെയ്യുന്നു. ഹനുമാനെക്കുറിച്ചുള്ള നാൽപ്പത് ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നതാണ് ഹനുമാൻ ചാലിസ. ഹനുമാൻ ചാലിസയിലെ ഈ 40 ശ്ലോകങ്ങൾ ദിവസവും ജപിച്ചാൽ അത്ഭുതകരമായ നിരവധി ഗുണങ്ങൾ ലഭിക്കുമെന്ന് പറയപ്പെടുന്നു.
ശ്രീരാമ ഭക്തനായ ഹനുമാൻ സ്വാമിയുടെ ജന്മദിനത്തിൽ രാജ്യത്തിലെ വിവിധ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ആഞ്ജനേയസ്വാമിയെ പൂജിച്ച് അനുഗ്രഹം നേടാനായി ആയിരകണക്കിന് ഭക്തരാണ് ഹനുമാൻ ക്ഷേത്രങ്ങളിലേക്ക് എത്തിയത്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വൃതത്തോട്കൂടി ‘ശ്രീരാമജയം’ മന്ത്രം ജപിച്ച് ഹനുമാൻ സ്വാമിയെ ആചരിക്കുകയാണ് ഭക്തജനങ്ങൾ.അയോദ്ധ്യയിലെ ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ ഭക്തർ പ്രാർഥനകൾ നടത്തുകയും ഹൗറയിലെ ബേലൂരിൽ ‘ശ്രീ ഹനുമാൻ ഭക്ത് മണ്ഡല് ക്ഷേത്രത്തിൽ ഘോഷയാത്ര നടത്തുകയും ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ‘ലെതേ ഹ്യൂ ഹനുമാൻ ജി’ ക്ഷേത്രത്തിലും പട്നയിലെ ശ്രീ മഹാവീർ ക്ഷേത്രത്തിലെയും ചടങ്ങുകൾ വൻ ഭക്താവലിയുടെ സാന്നിധ്യത്തിലാണ് നടന്നത്. ഒഡീഷയിലെ പുരി ബീച്ചിൽ ഹനുമാന്റെ മണൽ ശിൽപം സൃഷ്ടിച്ചു. ഹനുമാൻ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ജഹാംഗീർപുരി മേഖലയിൽ സംഘടിപ്പിച്ച ശോഭാ യാത്ര നിശ്ചിത ദൂരത്തിനുള്ളിൽ നടത്താൻ ഡൽഹി പോലീസ് അനുമതി നൽകിയിരുന്നു.
Comments