തന്റെ സ്വപ്നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് ടിപി ഷാജി എന്ന പാലക്കാടുകാരൻ. കാൽനടയായി 63 ദിവസം കൊണ്ട് ഷാജി നടന്നത് 3,100 കിലോമീറ്ററാണ്. ഏറെ കാലമായി മനസിൽ കൊണ്ടുനടന്ന ‘കേരള ടു കശ്മീർ’ യാത്ര വിജയകരമായി പൂർത്തിയാക്കിയ ആഹ്ലാദത്തിലണ് അദ്ദേഹം.
ഫെബ്രുവരിയിലാണ് യാത്ര ആരംഭിച്ചത്. പ്രചാരണങ്ങൾ ഒന്നുമില്ലാതെ ആരോടും പറയാതെ ഷാജി തന്റെ സ്വപ്നത്തിലേക്ക് നടന്നുതുടങ്ങി. രാവിലെ ആറിന് തുടങ്ങി ഉച്ചയ്ക്ക് രണ്ട് വരെ നടക്കും. രണ്ട് മണിക്കൂർ ഭക്ഷണവും വിശ്രമവും. വൈകുന്നേരം നാലുമുതൽ ഏഴുവരെ വീണ്ടും നടത്തം. രാത്രി 11 മുതൽ ഒന്നുവരെ നടന്ന ദിവസവും ഉണ്ടായി. പ്രതിദിനം ശരാശരി 40-50 കിലോമീറ്ററാണ് നടക്കുന്നത്. ചില ദിവസങ്ങളിൽ ഇത് 62 കിലോമീറ്റർ വരെ നീണ്ടു. കാൽനട പാതയില്ലാത്ത ഇടങ്ങളിലൂടെയും മറ്റും സഞ്ചരിക്കാൻ മാത്രമാണ് ഇദ്ദേഹം വാഹനങ്ങളെ ആശ്രയിച്ചത്.
ഹോട്ടലുകൾ, ഗുരുദ്വാര, ദാബ, പെട്രോൾ പമ്പുകൾ, ടെന്റ് എന്നിവിടങ്ങളിലായിരുന്നു രാത്രി താമസം. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ ഊഷ്മളമായ സ്വീകതരണമാണ് ഷാജിയ്ക്ക് ലഭിച്ചത്. യാത്രയ്ക്കായി എട്ട് മാസം പ്രഭാതസവാരി നടത്തി പരിശീലിച്ചിരുന്നതായി ഷാജി പറഞ്ഞു. ട്രെയിനിലാണ് ഷാജിയുടെ മടക്കയാത്ര.
Comments