ലക്നൗ : സ്വകാര്യ ഭാഗത്തിലൂടെ പാമ്പ് വയറിനുള്ളിൽ കയറിയെന്ന നിലവിളിയുമായി യുവാവ് . ഉത്തർപ്രദേശിലെ ഹർദോയിലാണ് സംഭവം . സ്വകാര്യ സ്ഥലത്ത് പാമ്പ് കടിച്ചെന്ന് പറഞ്ഞാണ് മഹേന്ദ്ര എന്ന യുവാവ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയത് . ദേഹത് കോട്വാലി പ്രദേശത്തെ ബനിയാനി പൂർവ ഗ്രാമത്തിലെ താമസക്കാരനാണ് മഹേന്ദ്ര.
തിങ്കളാഴ്ച രാത്രി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ യുവാവ് ഡ്യൂട്ടിയിലായിരുന്ന ഡോക്ടറോട് മലമൂത്ര വിസർജനത്തിനിടെ സ്വകാര്യഭാഗത്ത് പാമ്പ് കടിച്ചെന്നും തുടർന്ന് വയറിൽ കയറിപ്പോയെന്നുമാണ് പറഞ്ഞത് . ഒരു നിമിഷം ഞെട്ടിയ ഡോക്ടർ മുതിർന്ന ഡോക്ടർമാരെ വിവരം അറിയിച്ചു . തുടർന്ന് വിദഗ്ധ സംഘം പരിശോധന നടത്തിയെങ്കിലും പാമ്പ് കടിയേറ്റിട്ടില്ലെന്ന് കണ്ടെത്തി.
യുവാവിന്റെ ബഹളവും അവന്റെ അവസ്ഥയും കണ്ട് ഡോക്ടർ ഇയാളെ അഡ്മിറ്റ് ചെയ്യുകയും രണ്ട് ദിവസം യുവാവിനെ പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ പാമ്പിനെ പുറത്തെടുക്കാനും യുവാവിന്റെ പ്രശ്‌നമെന്താണെന്ന് കണ്ടെത്താനും സാധിച്ചിരുന്നില്ല.
എന്നിട്ടും മലമൂത്ര വിസർജ്ജനത്തിനിടെ പാമ്പ് കടിച്ചുവെന്നും സ്വകാര്യ ഭാഗം വഴി ആമാശയത്തിനുള്ളിൽ പ്രവേശിച്ചുവെന്നും മഹേന്ദ്ര പറയുന്നുണ്ടായിരുന്നു. ഡോക്ടർമാർ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും പരിശോധിച്ചു. വേദനാസംഹാരി നൽകുകയും ചെയ്തു. യുവാവിനെ സിടിസ്‌കാനും ചെയ്തിരുന്നു.
യുവാവ് ലഹരിയ്‌ക്ക് അടിമയാണെന്ന് മഹേന്ദ്രയെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. മദ്യപിച്ചിട്ടാണ് യുവാവ് ഇത്തരത്തിൽ സംസാരിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു. മദ്യലഹരിയിലായിരുന്ന ഇയാൾ ഇതേ കാര്യങ്ങൾ വീട്ടുകാരോടും പറഞ്ഞിരുന്നു.















