സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് തേജ സജ്ജ നായകനാകുന്ന ‘ഹനുമാൻ’. പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമാണിത്. ഭഗവാൻ ഹനുമാന്റെ ശക്തി ലഭിക്കുന്ന അതിമാനുഷികനായ ഒരു യുവാവിന്റെ കഥയാണ് സിനിമ പറയുന്ന്. ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, സിനിമയിലെ ഒരു ഗാനമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ ഹനുമാൻ ചാലിസയാണ് ഹനുമാൻ ജയന്തിയോടനുബന്ധിച്ച് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചടുമായ താളത്തിൽ ഭക്തിയും ശക്തിയും ആവേശവും തോന്നുന്ന തരത്തിലാണ് ഗാനം സൃഷ്ടിച്ചിരിക്കുന്നത്.
ഗോവര ഹരി സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സായി ചരൺ ആണ്. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ഹനുമാൻ റിലീസ് ചെയ്യുന്നത്. കൽക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ തെലുങ്ക് സംവിധായകനാണ് പ്രശാന്ത് വർമ്മ. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും പ്രശാന്ത് വർമ്മ തന്നെയാണ്.
പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ സിനിമയാകും ഹനുമാൻ. അമൃത അയ്യർ ചിത്രത്തിൽ നായികയായി എത്തുന്നു. പ്രൈംഷോ എന്റർടെയ്‍ൻമെന്റിന്റെ ബാനറിൽ കെ. നിരഞ്‍ജൻ റെഡ്ഡിയാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്. വരലക്ഷ്മി ശരത്കുമാർ, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ശിവേന്ദ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
Comments