തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് വിവാദമാകുന്നു. രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന ദുരിതാശ്വാസനിധി കേസ് ലോകായുക്തയുടെ പരിഗണനയിൽ ഇരിക്കുമ്പോഴാണ് കേസിലെ പ്രതി കൂടിയായ മുഖ്യമന്ത്രി വിളിച്ച ഇഫ്താറിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത്. ജുഡീഷ്യൽ മേഖലയിൽ പ്രവർത്തിക്കുന്നവർ ഇത്തരത്തിലുള്ളൊരു സംഗമത്തിൽ പങ്കെടുക്കുന്നത് ജുഡീഷ്യറിയെ അപമാനിക്കുന്നതിന് തുല്യമാണ്.
ദുരിതാശ്വാസനിധിക്കേസ് ഈ മാസം 12-നാണ് ഫുൾ ബഞ്ച് പരിഗണിക്കുന്നത്. ലോകായുക്തയും രണ്ട് ഉപലോകായുക്തമാരുമാണ് ബഞ്ചിലുള്ളത്. ഭിന്നാഭിപ്രായം ഉണ്ടായതിനെ തുടർന്നാണ് ലോകായുക്തയും ഉപലോകായുക്തയും പരിഗണിച്ച കേസ് ഫുൾ ബഞ്ചിന് വിട്ടത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്നു കാട്ടി 2019-ലാണ് ആർ.എസ് ശശികുമാർ പിണറായി വിജയനെ പ്രതിയാക്കി കൊണ്ട് കേസ് ഫയൽ ചെയ്തത്.
ചൊവ്വാഴ്ചയാണ് ഇഫ്സാർ വിരുന്ന നടന്നത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൻ ഉൽ റഷീദും വിരുന്നിൽ പങ്കെടുത്തു എന്നാണ് ആരോപണം. ഇഫ്താറിനെക്കുറിച്ചുള്ള സർക്കാരിന്റെ വാർത്താക്കുറിപ്പിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുക്കുമെന്നോ വിഐപികളുടെ പേരോ സൂചിപ്പിച്ചിരുന്നില്ല. കേസിലെ പ്രതി വിളിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്തതോടെ ലോകായുക്തയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കേസിലെ പരാതിക്കാരൻ ആർ.എസ് ശശികുമാർ പറഞ്ഞു.
Comments