തൃശ്ശൂർ: കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്. അംബേദ്കർ ഉൾപ്പെടയുള്ള ഭരണഘടനാ ശിൽപികൾ തന്നെ തള്ളിക്കളഞ്ഞ ആശയമാണിത്. ഇത് പട്ടികജാതി-വർഗ ജനതയോടുള്ള അനീതിയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സാമൂഹ്യ പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് സംവരണം ഏർപ്പെടുത്തിയത്. സംവരണം മതാടിസ്ഥാനത്തിൽ പാടില്ല എന്നത് ഭരണഘടനാ തത്വമാണ്. കേരളത്തിൽ ഒരു പ്രബല മതത്തിന് സംവരണം നല്കുന്നത് എന്തടിസ്ഥാനത്തിലാണ? ഇത് അവസാനിപ്പിക്കണം. ഇല്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭം ഉയരും. ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ച് പറയുന്നവർ പട്ടിക ജാതി-വർഗങ്ങളോട് ചെയ്യുന്നത് മര്യാദയല്ല. കേരളത്തിലെ സാംസ്‌കാരിക നായകർക്ക് ഇത് വിഷയമല്ല. അവർ യുപിയിലും ഗുജറാത്തിലും എന്ത് നടക്കുന്നു എന്നന്വേഷിക്കുകയാണ്. അവിടെ നടക്കുന്ന യഥാർഥ വികസനം ഇപ്പോൾ പഠിക്കാൻ തുടങ്ങിയിട്ടുണ്ട്’- ജെ. നന്ദകുമാർ ചൂണ്ടിക്കാട്ടി.
കേരള മോഡൽ എന്നത് പരാജയമാണെന്ന് വ്യക്തമായിരിക്കുകയാണ്. വിദ്യാഭ്യാസ, കാർഷിക മേഖലകളിലെല്ലാം വലിയ തകർച്ച നേരിടുകയാണ്. സംസ്ഥാനത്ത് എട്ടര ലക്ഷം പേർ ഭവനരഹിതരാണ്. കിടപ്പാടം എന്ന മൗലികാവകാശത്തിന് വേണ്ടി പോരാട്ടം ശക്തമാക്കണം. വനവാസികൾക്ക് അവകാശപ്പെട്ട ഭൂമി നല്കാതെ സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വൈക്കം സത്യഗ്രഹം ഹിന്ദു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ചേർന്ന് നടത്തിയതാണ്. ഗാന്ധിജി പോലും പറഞ്ഞത് ഇത് ഹിന്ദു സമൂഹത്തിന്റെ പ്രശ്‌നമാണ് എന്നാണ്. വൊളണ്ടിയർമാർ ചൊല്ലിയ പ്രതിജ്ഞ ഞാൻ ഹിന്ദുവാണ്, ഞങ്ങൾ ഹിന്ദുക്കളാണ് എന്നായിരുന്നു. സവർണ-അവർണ ഭേദമില്ലാതെ എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായാണ് പൊരുതിയത്. എന്നാൽ ഈ ഏകതയെ തകർക്കുന്ന ശ്രമങ്ങളാണ് കോൺഗ്രസും സിപിഎമ്മും ഇപ്പോൾ നടത്തുന്നത് എന്ന് നന്ദകുമാർ കൂട്ടിച്ചേർത്തു.
Comments