ന്യൂയോർക്ക്: ഇന്ത്യയിലെ പണമിടപാടുകൾ ഡിജിറ്റലായതോടെ രാജ്യത്ത് വമ്പൻ ഹിറ്റായി മാറിയ യുപിഐ ആപ്ലിക്കേഷനാണ് ഗൂഗിൾ പേ. പലരും ജി-പേ എന്നും വിളിക്കുന്ന ഈ ആപ്ലിക്കേഷൻ മുഖേന ഒരു രൂപ മുതൽ പതിനായിരക്കണക്കിന് രൂപ വരെ നമ്മൾ പണമിടപാട് നടത്താറുണ്ട്. മലയാളികളെ സംബന്ധിച്ചിടത്തോളം നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ഗൂഗിൾ പേ.
ഇതിനിടെയാണ് ഉപഭോക്താക്കളെ അമ്പരപ്പിച്ചുകൊണ്ട് ഗൂഗിൾ പേയ്‌ക്ക് ഒരബദ്ധം പറ്റിയത്. സംഗതി കൈയ്യബദ്ധമാണെങ്കിലും ഉപഭോക്താക്കൾക്ക് ഏറെ സന്തോഷം തോന്നിയ കാര്യം കൂടിയായി സംഭവം മാറി. ഒരുകാര്യവുമില്ലാതെ നമ്മുടെ അക്കൗണ്ടിലേക്ക് സൗജന്യമായി പണം ലഭിച്ചാൽ വേണ്ടെന്ന് വയ്‌ക്കുന്നവർ വിരളമായിരിക്കും. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. ഗൂഗിൾ പേയുടെ അമേരിക്കൻ ഉപഭോക്താക്കളിൽ നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10 ഡോളർ മുതൽ 1000 ഡോളർ തുക വരെ അബദ്ധത്തിൽ ക്രെഡിറ്റാകുകയായിരുന്നു. വൈറലായ സംഭവം നടന്നത് അമേരിക്കയിലാണ്.
ഗൂഗിൾ പേ വെറുതെ നൽകിയ പണം രണ്ടാമതൊന്ന് ചിന്തിക്കാതെ അപ്പോൾ തന്നെ ചിലവാക്കിയവരും, എന്താണ് സംഗതിയെന്ന് മനസിലാകാതെ ആ പണം തൊടാതെ വച്ചവരും ഇക്കൂട്ടത്തിലുണ്ട്. കമ്പനി തങ്ങളുടെ ഉപഭോക്താക്കളിൽ ചിലർക്ക് 80,000 ഇന്ത്യൻ രൂപ വരെ അബദ്ധത്തിൽ ദാനം ചെയ്തുവെന്നാണ് കണക്ക്. എന്തായാലും അബദ്ധം പറ്റിയതോടെ ഗൂഗിൾ പേ ഉടൻ തന്നെ ഉപഭോക്താക്കൾക്ക് ഇ-മെയിൽ സന്ദേശം അയച്ചു. സാങ്കേതികമായ പിഴവ് സംഭവിച്ചതാണെന്നും വേണ്ട പരിശോധനകൾ നടത്തിയ ശേഷം പണം സ്വീകരിച്ചവരിൽ നിന്നും അത് തിരിച്ചെടുക്കുമെന്നുമായിരുന്നു ഗൂഗിൾ പേ അറിയിച്ചത്.
എന്നാൽ പണം അപ്പോൾ തന്നെ ഉപയോഗിച്ചവരുടെ കാര്യത്തിൽ കമ്പനി വ്യത്യസ്തമായ തീരുമാനം കൈക്കൊണ്ടു. ഗൂഗിൾ പേ ക്രെഡിറ്റ് ചെയ്ത പണം ചിലവാക്കിയെങ്കിൽ അവരുടെ അക്കൗണ്ടിൽ നിന്നും തിരിച്ച് എടുക്കുകയില്ല. അത് നിങ്ങൾക്ക് തന്നെ ഉള്ളതാണെന്നും ഇതിന്മേൽ പിന്നീടൊരിക്കലും തുടർ നടപടി ഉണ്ടാകില്ലെന്നും കമ്പനി അറിയിച്ചു. ഏതായാലും ഒരബദ്ധം പറ്റിയതോടെ കോളടിച്ചിരിക്കുകയാണ് ഉപഭോക്താക്കൾ.
Comments